ഹൈദരാബാദ്: കൂട്ടുകുടുംബത്തിലെ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച ഗൃഹനാഥന്‍റെ മരണശേഷമാണ് കുടുംബാംഗങ്ങളെ പരിശോധനക്ക് വിധേയമാക്കിയത്. മാർച്ച് 11നാണ് 57 കാരനായ ഗൃഹനാഥൻ മരിച്ചത്. ഇയാൾ മരിക്കുന്നതിന് ഒരു ദിവസം മുമ്പ് കുടുംബത്തിൽ വിവാഹ നിശ്ചയച്ചടങ്ങ് നടന്നിരുന്നു. തുടർന്ന് 26 കുടുംബാംഗങ്ങളെ പരിശോധനക്ക് വിധേയമാക്കി.
ഹൈദരാബാദിൽ ഒരു കുടുംബത്തിലെ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഗൃഹനാഥന്‍റെ പെട്ടെന്നുള്ള മരണശേഷമാണ് കുടുംബാംഗങ്ങളെ പരിശോധനക്ക് വിധേയമാക്കിയത്. ഇയാൾ മരിക്കുന്നതിന് ഒരു ദിവസം മുമ്പ് കുടുംബത്തിൽ വിവാഹ നിശ്ചയച്ചടങ്ങ് നടന്നിരുന്നു
40 പേരാണ് വിവാഹ നിശ്ചയചടങ്ങിൽ പങ്കെടുത്തത്. കുടുംബത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. ബാങ്ക് ജീവനക്കാരനായ മകനിൽ നിന്നാണ് ഗൃഹനാഥന് കൊവിഡ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സുഹൃത്തുമായുള്ള സമ്പർക്കം മൂലമാണ് മകന് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേർ കുട്ടികളാണ്. എല്ലാവരും ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
ലോക്ക് ഡൗൺ നിയമപ്രകാരം ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. വിവാഹങ്ങൾ, വിവാഹനിശ്ചയങ്ങൾ, ജന്മദിനാഘോഷങ്ങൾ എന്നിവ നടത്തിയതുമൂലം ഹൈദരാബാദിലും മറ്റ് പ്രദേശങ്ങളിലും കൊവിഡ് വലിയ തോതിൽ വ്യാപിക്കാൻ കാരണമായി. അലിജാപൂരിൽ കഴിഞ്ഞയാഴ്‌ച നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത 42 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്‌ത്രീയെയും സ്‌ത്രീയുമായി സമ്പർക്കത്തിൽ പെട്ടവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 60 വയസുകാരനും, ഒന്നര വയസുള്ള കുഞ്ഞും ഉൾപ്പെടുന്നു. തെലങ്കാനയിൽ സ്ഥിരീകരിച്ച 1,500 കൊവിഡ് കേസുകളിൽ 60 ശതമാനത്തിലധികവും റിപ്പോർട്ട് ചെയ്‌തത് ഹൈദരാബാദ്, രംഗ റെഡ്ഡി, മെദ്‌ചൽ എന്നിവിടങ്ങളിൽ നിന്നാണ്.