ന്യൂഡല്‍ഹി: മഹാരാഷ്‌ട്ര സര്‍ക്കാറിന്‍റെ ആവശ്യപ്രകാരം 145 ട്രെയിനുകള്‍ അനുവദിച്ചതില്‍ ഇന്ന് 13എണ്ണം മാത്രമേ സര്‍വ്വീസ് നടത്തിയുള്ളുവെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. യാത്രക്കാരില്ലാത്തതിനാലാണ് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്നത്. സംസ്ഥാന സര്‍ക്കാരും റെയില്‍വെയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ അവസാനിക്കാത്തതിനാല്‍ സര്‍ക്കാര്‍ യാത്രക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ട്രെയിനുകള്‍ ഇന്ന് രാവിലെ മുതല്‍ തയ്യാറായിരുന്നുവെന്നും മൂന്ന് മണിവരെ 50 ട്രെയിനുകള്‍ ഓടിത്തുടങ്ങേണ്ടതിനു പകരം 13 എണ്ണം മാത്രമാണ് ഓടിയതെന്നും പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്‌തു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ നാട്ടിലെത്തിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സഹകരിക്കണമെന്നും യാത്രക്കാരെ സ്റ്റേഷനില്‍ കൃത്യസമയത്തെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്‌ട്രയില്‍ ഇന്ന് സര്‍വ്വീസ് നടത്തിയത് 13 ശ്രമിക് ട്രെയിനുകളെന്ന് പീയുഷ് ഗോയല്‍ - മഹാരാഷ്‌ട്രയില്‍ ഇന്ന് സര്‍വ്വീസ് നടത്തിയത് 13 ശ്രമിക് ട്രെയിനുകളെന്ന് പീയുഷ് ഗോയല്‍
145 ശ്രമിക് ട്രെയിനുകളാണ് ഇന്ന് മഹാരാഷ്‌ട്ര സര്‍ക്കാറിന്‍റെ ആവശ്യപ്രകാരം റെയില്‍വെ അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രക്കാരില്ലാത്തതിനാലും, യാത്രക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കാത്തതിനാലും പല ട്രെയിനുകളും റദ്ദാക്കേണ്ടി വന്നു.
നേരത്തെ മെയ് 25ന് 125 ട്രെയിനുകള്‍ സര്‍വ്വീസ് നടത്താനാണ് റെയില്‍വെ തീരുമാനിച്ചിരുന്നത്. പക്ഷെ സര്‍ക്കാറിന് 41 ട്രെയിനുകളിലെ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ റെയില്‍വെയെ അറിയിക്കാന്‍ സാധിച്ചിരുന്നുള്ളു. അതില്‍ തന്നെ യാത്രക്കാരെ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ട് ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്നു. മെയ് 26 ന് 145 ട്രെയിനുകള്‍ സര്‍വ്വീസ് നടത്തേണ്ടതായിരുന്നു. ഉച്ചയ്‌ക്ക് 12 മണിയോടെ 25 ട്രെയിനുകള്‍ സര്‍വ്വീസ് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാരില്ലാത്തതിനാല്‍ 12.30 നാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. ഉത്തര്‍പ്രദേശിലേക്ക് 68 എണ്ണം, ബിഹാറിലേക്ക് 27, പശ്ചിമ ബംഗാളിലേക്ക് 41, ചത്തീസ്‌ഗണ്ഡ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലേക്ക് ഓരോന്ന് വീതവും, ഒഡിഷ, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് രണ്ട് ട്രെയിനുകള്‍ വീതവുമായിരുന്നു റെയില്‍വെ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഹാരാഷ്‌ട്ര സര്‍ക്കാരും പീയുഷ് ഗോയലും ശ്രമിക് ട്രെയിനുകളെ സംബന്ധിച്ച് വാക് പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന് വേണ്ടത്ര ട്രെയിനുകള്‍ നല്‍കുന്നില്ലെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്.