അമരാവതി: ആന്ധ്രാ പ്രദേശിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. പ്രകാശം ജില്ലയിൽ കുരിചേട് സ്വദേശികളായ 10 പേരും പാമുരു സ്വദേശികളായ മൂന്ന് പേരുമാണ് മരിച്ചത്. 20ഓളം ആളുകൾ 10 ദിവസമായി മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്തെ കൊവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് വിവിധ പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്‍റ് സോണുകൾ ആക്കുകയും മദ്യഷോപ്പുകൾ അടക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ലഹരിക്കായി ആളുകൾ സാനിറ്റൈസർ കുടിക്കുകയായിരുന്നു. യാചകരായ രാജറെഡ്ഡിയുടെയും കൊണഗിരി രാമനയ്യയുടെയും മരണത്തോടെയാണ് മരണകാരണം സാനിറ്റൈസർ ആണെന്ന് പുറം ലോകം അറിഞ്ഞത്.