ദിസ്‌പൂർ: അസമിലെ ജലസംഭരണിയിൽ നിന്ന് 13 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. കച്ചാർ ജില്ലയിലാണ് സംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിൽ കുരങ്ങുകളുടെ ശരീരത്തിൽ നിന്നും വിഷാംശം കണ്ടെത്തി. കൂടുതൽ പരിശോധനകൾക്കായി ഖനപ്പാറയിലെ വെറ്ററിനറി വിഭാഗം ലബോറട്ടറിയിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥൻ റൂബെൽ ദാസ് പറഞ്ഞു.
അസമിലെ ജലസംഭരണിയിൽ ചത്ത കുരങ്ങുകളെ കണ്ടെത്തി - കച്ചാർ ജില്ല
കച്ചാർ ജില്ലയിലെ കതിരൈ ജലവിതരണ പ്ലാന്‍റിലാണ് കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിൽ കുരങ്ങുകളുടെ ശരീരത്തിൽ നിന്നും വിഷാംശം കണ്ടെത്തി
കുരങ്ങുകളുടെ ചത്ത നിലയിലുള്ള വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ മൃതദേഹങ്ങൾ കണ്ടെടുത്ത് സാമ്പിളുകൾ പരിശോധനക്കായി അയച്ചത്. സംഭരണിയുടെ സമീപത്തുള്ള പ്ലാന്‍റിൽ നിന്നും ജലവിതരണം നടക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്‌ടിച്ചു. എന്നാൽ കുരങ്ങുകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ ജലസംഭരണിയുമായി ബന്ധപ്പെട്ട വാട്ടർ ടാങ്ക് വളരെ നാളായി ഉപയോഗ ശൂന്യമായ നിലയിലാണെന്ന് പബ്ലിക് ഹെൽത്ത് എഞ്ചിനീയർ പറഞ്ഞു. അജ്ഞാതർ ജലസംഭരണിയിൽ വിഷം കലർത്തിയതാണെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.