ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകരും പൊലീസും ഭരണകൂടവും അഹോരാത്രം തങ്ങളുടെ സേവനം നടപ്പിലാക്കുമ്പോൾ പൊതുജനങ്ങളുടെ വിശപ്പിന് മറുപടി നൽകുന്ന കർഷകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് വ്യാപനത്തിനെതിരെ രാജ്യം അടച്ചുപൂട്ടി ജാഗ്രത പുലർത്തുമ്പോൾ ഭക്ഷ്യക്ഷാമം ഉണ്ടാകാരുതെന്ന ലക്ഷ്യവുമായി കർഷകർ പ്രയത്നിക്കുകയാണെന്ന് മോദി 'മൻ കി ബാത്തി'ൽ വിശദമാക്കി. മഹാമാരിയുടെ പശ്ചാത്തലത്തിലും കർഷകസമൂഹം രാവും പകലും തങ്ങളുടെ ഭൂമിയിൽ അധ്വാനിക്കുകയാണ്. ലോക്ക് ഡൗണിൽ ആരും വിശന്ന വയറുമായി കിടക്കയിലേക്ക് മടങ്ങരുതെന്നും അവർ ആഗ്രഹിക്കുന്നു. അതിന് വേണ്ടി കൃഷിയിടങ്ങളിൽ അവർ കഠിന പ്രയത്‌നം നടത്തുന്നുവെന്നും മോദി പറഞ്ഞു.
'മൻ കി ബാത്തി'ൽ കർഷകർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി - indian farmers at lock down
വൈറസ് വ്യാപനത്തിനെതിരെ രാജ്യം അടച്ചുപൂട്ടി ജാഗ്രത പുലർത്തുമ്പോൾ ഭക്ഷ്യക്ഷാമം ഉണ്ടാകാരുതെന്ന ലക്ഷ്യവുമായി കർഷകർ പ്രയത്നിക്കുകയാണെന്ന് 'മൻ കി ബാത്തി'ൽ പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിനെതിരയുള്ള പോരാട്ടത്തിൽ ഓരോരുത്തരും അവരുടെ ഭാഗങ്ങൾ ഭംഗിയായി പൂർത്തിയാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു. ചിലർ സ്വന്തമായി കൃഷി ചെയ്‌തെടുത്ത പച്ചക്കറികൾ സംഭാവന ചെയ്യുന്നു, മറ്റു ചിലർ പാവപ്പെട്ടവന് ഭക്ഷണം നൽകുന്നു. കുറേ പേർ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മാസ്‌കുകളും നിർമിച്ചു നൽകുന്നുണ്ട്. ഇതിനൊക്കെ പുറമെ, നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റുന്ന സ്‌കൂളുകൾ നിർമാണ തൊഴിലാളികൾ പെയിന്‍റടിച്ച് മോടി കൂട്ടുന്നതും കാണാൻ കഴിയുന്നു. കൊവിഡിനെ ചെറുക്കാൻ രാജ്യം ഒറ്റക്കെട്ടായി, സുരക്ഷിതത്വത്തോടെ പ്രവർത്തിക്കുന്നുവെന്നതിന് ഉദാഹരണങ്ങളാണ് ഇവയെന്ന് നരേന്ദ്ര മോദി പറഞ്ഞു. മൻ കി ബാത്തിന്‍റെ 64-ാം പതിപ്പാണ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ചത്.