റായ്പൂർ: ലോക്ക് ഡൗണിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ തുടർച്ചയായി മൂന്ന് ദിവസം നടന്ന 12 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു. തെലങ്കാനയിൽ നിന്നും ഛത്തീസ്ഗഡിലേക്കാണ് ജമാലോ മഡ്കം എന്ന പെൺകുട്ടി കാൽനടയായി യാത്ര തിരിച്ചത്. ഏകദേശം 100 കിലോമീറ്ററാണ് പെൺകുട്ടി നടന്നത്.
ലോക്ക് ഡൗൺ; തുടർച്ചയായി മൂന്ന് ദിവസം നടന്ന 12 വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു - ജമാലോ മഡ്കം
തെലങ്കാനയിൽ നിന്നും ഛത്തീസ്ഗഡിലേക്കുള്ള യാത്രാമധ്യേ, ഏകദേശം 100 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് കുട്ടി മരിച്ചത്
രണ്ട് മാസം മുമ്പാണ് ബിജാപൂർ ജില്ലയിലെ അഡെഡ് ഗ്രാമത്തിലുള്ള വീട്ടിൽ നിന്നും ചില ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം തെലങ്കാനയിലെ മുളക് ഫാമിൽ പെൺകുട്ടി ജോലിക്ക് എത്തിയത്. 11 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് പെൺകുട്ടി നാട്ടിലേക്ക് പുറപ്പെട്ടത്. ഏപ്രിൽ 15 ന് ഇവർ യാത്ര ആരംഭിച്ചു. മൂന്ന് ദിവസം തുടർച്ചയായി ഇവർ നടന്നു. കൊവിഡ് ബാധിച്ചല്ല കുട്ടി മരിച്ചതെന്ന് പരിശോധനയിൽ വ്യക്തമായതായി ബിജാപൂർ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ ഡോ. ബി.ആർ പൂജാരി അറിയിച്ചു. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജാപൂരിലെ 12 വയസുകാരി ജാംലോ മഡ്കത്തിന്റെ ദാരുണ മരണത്തിൽ ദുഖമുണ്ടെന്നും കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തരമായി ഒരു ലക്ഷം രൂപയും സന്നദ്ധ ഗ്രാന്‍റില്‍ നിന്ന് നാല് ലക്ഷം രൂപയും നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ട്വീറ്റ് ചെയ്തു.