ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു മസ്ജിദില്‍ ആറ് എയർകണ്ടീഷണറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ ഗ്യാസ് ചോർച്ചയിൽ ഒരു കുട്ടി ഉൾപ്പെടെ 12 പേര്‍ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ നാരായൺഗഞ്ച് നദി തുറമുഖ നഗരത്തിലെ ബൈതുൽ സലാത്ത് മസ്ജിദില്‍ നടന്ന പ്രാർഥനക്കിടയിലാണ് സ്‌ഫോടനം ഉണ്ടായത്.
ബംഗ്ലാദേശില്‍ മസ്ജിദില്‍ എ.സി പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു - 25 പേര്‍ക്ക് ഗുരുതര പരിക്ക്
ജനാലകൾ അടച്ചതിനാൽ ചോർന്ന വാതകം പള്ളിയില്‍ അടിഞ്ഞുകൂടിയതാവാം പൊട്ടിത്തെറിക്ക് കാരണമെന്ന് സംശയിക്കുന്നു
ചികിത്സയിലുള്ള 25 പേര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റതായും അതിനാല്‍ അവരുടെ നില വളരെ ഗുരുതരമാണെന്നും അദ്ദേഹം ധാക്ക മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ ബേൺ യൂണിറ്റ് ചീഫ് ഡോ. സാമന്ത ലാൽ സെൻ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായങ്ങളും ഉറപ്പാക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിർദ്ദേശിച്ചിട്ടുണ്ട്. ടൈറ്റസ് ഗ്യാസിന്‍റെ ഒരു പൈപ്പ് ലൈന്‍ പള്ളിക്കടിയിലൂടെ കടന്നുപോകുന്നുണ്ട്. ജനാലകൾ അടച്ചതിനാൽ ചോർന്ന വാതകം മസ്ജിദില്‍ അടിഞ്ഞുകൂടിയതാവാം പൊട്ടിത്തെറിക്ക് കാരണമായതെന്ന് സംശയിക്കുന്നതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.
ആരെങ്കിലും എസികളോ ഫാനുകളോ ഓണാക്കാനോ ഓഫാക്കാനോ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് നാരായൻഗഞ്ച് ഫയർ സർവീസിന്‍റെ ഡെപ്യൂട്ടി അസിസ്റ്റന്‍റ് ഡയറക്ടർ അബ്ദുല്ല അൽ അരേഫിൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ബംഗ്ലാദേശ് ഫയർ സർവീസും സിവിൽ ഡിഫൻസും, സ്റ്റേറ്റ് ഗ്യാസ് ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഏജൻസിയായ ടൈറ്റസും നാരായൺഗഞ്ചിലെ ജില്ലാ ഭരണകൂടവും സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരേസമയം ഉത്തരവിടുകയും അതിനായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.