ന്യൂഡൽഹി: ഒമ്പത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' ഇന്ന് പുനരാരംഭിക്കും. ഡൽഹിയിലെ കാശ്‌മീരി ഗേറ്റിൽ നിന്ന് തുടക്കമാകുന്ന യാത്രയുടെ രണ്ടാം ഘട്ടം ഇന്ന് ഉത്തർ പ്രദേശിലേക്ക് പ്രവേശിക്കും. ഇന്ന്(ചൊവ്വ) മുതൽ അഞ്ചാം തീയതി വരെയാണ് യാത്ര ഉത്തർ പ്രദേശിൽ പര്യടനം നടത്തുക. 110 ദിവസം കൊണ്ട് കന്യാകുമാരിയിൽ നിന്ന് ഡൽഹി എത്തിയ ഭാരത് ജോഡോ യാത്ര ഇതിനകം 3000 കിലോമീറ്ററിലധികം പിന്നിട്ടുകഴിഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു രാഷ്‌ട്രീയ പാർട്ടി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ കാൽനട ജാഥയാണ് ഭാരത് ജോഡോ എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. സെപ്‌തംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ഇതിനകം തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഗാന്ധി സമാധി ദിനമായ ജനുവരി 30ന് യാത്ര ജമ്മു കശ്‌മീരിൽ അവസാനിക്കും.
അതേസമയം ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം യാത്രയുടെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഹാത് സേ ഹാത്ത് ജോഡോ' കാമ്പയിൻ ആരംഭിക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. സ്‌ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ട് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ഹാത്ത് സേ ഹാത്ത് ജോഡോ കാമ്പെയ്‌നിന് പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നൽകുന്നത്.
ALSO READ:'റഷ്യ യുക്രൈനില്‍ പയറ്റിയ തന്ത്രമാണ് ചൈന ഇന്ത്യക്ക് നേരെ പ്രയോഗിക്കുന്നത്' : രാഹുല്‍ ഗാന്ധി
ഹാത്ത് സേ ഹാത്ത് ജോഡോ കാമ്പയ്ന്‍റെ ഭാഗമായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലും വനിത അംഗങ്ങളുടെ കാൽനട ജാഥകളും റാലികളും സംഘടിപ്പിക്കും. വർധിച്ചുവരുന്ന പണപ്പെരുപ്പവും, പൊതുജനങ്ങളിൽ പ്രത്യേകിച്ച് ഇടത്തരക്കാരിൽ അത് ചെലുത്തുന്ന ആഘാതങ്ങൾ, സ്‌ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയാകും പ്രധാനമായും ഇതിൽ കേന്ദ്രീകരിക്കുകയെന്നും കെ സി വേണുഗോപാൽ വ്യക്‌തമാക്കി.