ബെല്ലാരി (കർണാടക) : ബിജെപിയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പട്ടിക ജാതി-പട്ടിക വര്‍ഗ വിരുദ്ധ സര്‍ക്കാരാണ് കര്‍ണാടകയിലേതെന്നും ഈ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 50 ശതമാനമാണ് വർധനവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ യാത്ര ആയിരം കിലോമീറ്റർ പിന്നിട്ടതിന്‍റെ ഭാഗമായി കര്‍ണാടകയിലെ ബെല്ലാരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വിമര്‍ശനം.
ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ 40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് സംസ്ഥാനത്ത് പണം കൊടുത്താല്‍ എന്തും നടക്കുമെന്ന് ആരോപിച്ചു. നേരത്തെ ചിത്രദുര്‍ഗയില്‍ നടന്ന പൊതുയോഗത്തിലും സംസ്ഥാന സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ കര്‍ണാടകയിലാണെന്നും എല്ലാത്തിനും കമ്മിഷന്‍ വാങ്ങുകയാണെന്നുമായിരുന്നു ആരോപണം.
ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ :സംസ്ഥാനത്ത് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി അനുവദിച്ച ഫണ്ടുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. എണ്ണായിരം കോടി രൂപയുടെ ഫണ്ട് സർക്കാർ വകമാറ്റിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എഡിജിപി അമ്രിത പോള്‍, ബിജെപി നേതാവ് ദിവ്യ ഹഗർഗി തുടങ്ങിയവർ ഉള്‍പ്പെട്ട കർണാടക പൊലീസ് സബ് ഇന്‍സ്‌പെക്‌ടർ റിക്രൂട്ട്മെന്‍റ് പരീക്ഷ കുംഭകോണവും രാഹുല്‍ പരാമര്‍ശിച്ചു.
'നിങ്ങള്‍ക്ക് കര്‍ണാടകയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്‌ടറാകണമെങ്കില്‍ 80 ലക്ഷം രൂപ നല്‍കിയാല്‍ മതി. പണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ സർക്കാർ ജോലി വാങ്ങാം. എന്നാല്‍ നിങ്ങളുടെ കൈവശം പണമില്ലെങ്കില്‍ ജീവിതകാലത്തിലൊരിക്കലും നിങ്ങള്‍ക്ക് ഒരു ജോലി ലഭിക്കാന്‍ പോകുന്നില്ല' - രാഹുല്‍ പറഞ്ഞു.