തിരുവനന്തപുരം: 19 ദിവസം കേരളത്തെ ഇളക്കി മറിച്ച ഭാരത് ജോഡോ യാത്ര സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കൈമാറിയ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഒരു ദിവസം ശരാശരി 25-30 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര പിന്നിട്ടിരുന്നത്. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും ജാഥയ്ക്ക് ലഭിച്ച പങ്കാളിത്തവും പിന്തുണയും ഒരു പക്ഷേ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു എന്ന വിലയിരുത്തലിലാണ് കെ.പി.സി.സി.
ജനപങ്കാളിത്തം ശ്രദ്ധേയം:തിരുവനന്തപുരത്താണ് ഏറ്റവും ജനപങ്കാളിത്തം എന്ന് സംഘാടകര്‍ കരുതിയെങ്കില്‍ അതു തെറ്റിച്ച പങ്കാളിത്തമായിരുന്നു കൊല്ലത്ത്. ആലപ്പുഴയില്‍ അതിനുമപ്പുറം അങ്ങനെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ പിന്നിടുമ്പോള്‍ ജാഥയ്ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ സ്വീകാര്യതയും പങ്കാളിത്തവും എല്ലാ കണക്കു കൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു. മാത്രമല്ല, ജാഥ ഓരോ ജില്ലയില്‍ പ്രവേശിക്കുമ്പോഴും യു.ഡി.എഫ് ഘടകക്ഷി നേതാക്കളുടെയും അണികളുടെയും പങ്കാളിത്തം പ്രത്യേകിച്ചും മുസ്ലീം ലീഗിന്‍റെ പിന്തുണ അത് മുന്നണിയിലെ രണ്ടു പ്രബല കക്ഷികള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തിന്‍റെ പ്രതീകം കൂടിയായി.
കൊല്ലം ജില്ലയില്‍ ഘടക കക്ഷി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍, എറണാകുളത്ത് കേരള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെല്ലാമുപരിയായി ചാലക്കുടിയില്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിക്കലി ശിഹാബ് തങ്ങള്‍ പങ്കെടുത്തതും ജാഥയുടെ ആവേശം ഇരട്ടിയാക്കി. മലപ്പുറത്താകട്ടെ യാത്രയിലുടനീളം മുസ്ലീലീഗിന്‍റെ പങ്കാളിത്തമുണ്ടായി എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
വെറുപ്പിന്‍റെയും ഭിന്നിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയത്തിനെതിരെ ഭാരതത്തെ ഒന്നിപ്പിക്കുക എന്ന സന്ദേശമുയര്‍ത്തി നടത്തിയ യാത്രയില്‍ സര്‍വ്വ മതസ്ഥര്‍ മാത്രമല്ല, സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, കുഞ്ഞുങ്ങള്‍, ഭിന്ന ശേഷിക്കാര്‍ എന്നിവരൊക്കെ സ്വമേധയാ അണി ചേരുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടതിന്‍റെ അമ്പരപ്പില്‍ വിദ്യാര്‍ത്ഥികള്‍ പൊട്ടിക്കരയുന്ന ദൃശ്യം പലയിടത്തും സര്‍വ്വ സാധാരണമായി. പൊതുവില്‍ എല്ലാ വിഭാഗങ്ങളുടെയും വൈകാരിക പിന്തുണ അത് ഇത്തരം യാത്രകള്‍ക്ക് സാധാരണമല്ല.