പാരിസ്: കൊവിഡ്-19 നേസൽ വാക്‌സിന്‍റെ (മൂക്കില്‍ കൂടി നല്‍കുന്ന വാക്‌സിൻ) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.കൃഷ്‌ണ എല്ല ശനിയാഴ്‌ച പറഞ്ഞു. അടുത്ത മാസത്തോടെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) കമ്പനി വാക്‌സിന്‍റെ ഡാറ്റ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
'ഞങ്ങൾ ഒരു ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കി. ഡാറ്റ വിശകലനം നടന്നുകൊണ്ടിരിക്കുന്നു. അടുത്ത മാസം ഞങ്ങളുടെ ഡാറ്റ റെഗുലേറ്ററി ഏജൻസിക്ക് സമർപ്പിക്കും. എല്ലാം ശരിയാണെന്ന് ബോധ്യമായാൽ വാക്‌സിൻ പുറത്തിറക്കാൻ ഞങ്ങൾക്ക് അനുമതി ലഭിക്കും. അങ്ങനെയായാൽ ഇത് ക്ലിനിക്കലി തെളിയിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ നേസൽ കൊവിഡ് വാക്‌സിൻ ആയിരിക്കും'. കൃഷ്‌ണ എല്ല പറഞ്ഞു.