ന്യൂഡല്‍ഹി :കൊവാക്‌സിന് അടിയന്തര ഉപയോഗാനുമതി തേടി ഭാരത് ബയോടെക് വീണ്ടും ലോകാരോഗ്യ സംഘടനയ്‌ക്ക് മുന്നിലേക്ക്. ജൂണ്‍ 23 ന് സംഘടന പ്രതിനിധികളുമായി ഭാരത് ബയോടെക് അധികൃതര്‍ കൂടിക്കാഴ്‌ച നടത്തും.
ആവശ്യമായ രേഖകളില്‍ 90 ശതമാനവും ലോകാരോഗ്യ സംഘടനയ്‌ക്ക് കൈമാറിയിട്ടുണ്ടെന്നും ബാക്കിയുള്ളവ ഉടൻ നല്‍കുമെന്നും കഴിഞ്ഞ മാസം ആദ്യം ഭാരത് ബയോടെക് അറിയിച്ചിരുന്നു.
മരുന്നിന് അനുമതി നേടിയെടുക്കാൻ വിദേശകാര്യമന്ത്രാലയവും ഭാരത് ബയോടെക്കിനൊപ്പം ചേര്‍ന്ന് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ അനുമതി ലഭിച്ച കൊവാക്‌സിൻ വ്യാപകമായി തന്നെ രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.