ഹൈദരാബാദ് :പ്രമുഖ ഫാർമ കമ്പനിയായ ഗ്ലാക്‌സോസ്‌മിത്ത്ക്ലൈനുമായി (ജിഎസ്‌കെ)ചേർന്ന് മലേറിയ വാക്‌സിൻ ഉത്പാദിപ്പിക്കാനൊരുങ്ങി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്. ലോകത്തെ ആദ്യ മലേറിയ വാക്‌സിനാണ് ഇരു കമ്പനികളും ചേർന്ന് നിര്‍മിക്കുന്നത്.
ജിഎസ്കെ വികസിപ്പിച്ച 'ആർടിഎസ്, എസ്' മലേറിയ വാക്‌സിൻ ഉപ സഹാറന്‍ ആഫ്രിക്കയിലും മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മറ്റ് രാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു.
Also Read: ഇന്ന് ലോക മാനസികാരോഗ്യ ദിനം ; മഹാമാരിയെ അതിജീവിക്കാം മനക്കരുത്തോടെ
2028ഓടെ ഭാരത് ബയോടെകുമായി ചേർന്ന് പ്രതിവർഷം 1.5 കോടി വാക്‌സിൻ ഉത്പാദിപ്പിക്കുകയാണ് ജിഎസ്കെയുടെ ലക്ഷ്യം. ഈ വർഷം ജനുവരിയിൽ ജിഎസ്കെ, ഭാരത് ബയോടെക്, ആഗോള ആരോഗ്യ ചാരിറ്റി സംഘടനയായ പാത്ത് എന്നീ കമ്പനികൾ മലേറിയ വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള കരാർ ഒപ്പിട്ടിരുന്നു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരുന്നു കരാർ ഒപ്പിട്ടത്. ഘാന, കെനിയ, മലാവി എന്നിവിടങ്ങളിൽ മലേറിയ വാക്‌സിന്‍റെ പ്രാഥമിക പരീക്ഷണം നടത്തിയിരുന്നു.
ഏകദേശം എട്ട് ലക്ഷം കുട്ടികളിലാണ് വാക്‌സിൻ പരീക്ഷണം നടത്തിയത്. പരീക്ഷണ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന വാക്‌സിന്‍റെ വ്യാപകമായ ഉപയോഗത്തിന് അംഗീകാരം നൽകിയത്.