ജനീവ: ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്‌സിന് ആഗോള അനുമതി നല്‍കുന്നതിനുള്ള താല്‍പര്യപത്രം അംഗീകരിച്ച് ലോകാരോഗ്യസംഘടന. ആഗോളതലത്തില്‍ കൊവാക്സിന്‍റെ അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷ പരിഗണിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഇന്ന്(ജൂണ്‍ 23) യോഗം ചേരും. രേഖകൾ സമർപ്പിക്കാനുള്ള പ്രീ–സബ്മിഷൻ യോഗമാണ് ഇന്ന് നടക്കുക. നിലവില്‍ ഇന്ത്യയില്‍ മാത്രമാണ് കൊവാക്സിൻ ഉപയോഗിക്കുന്നത്.
ജൂലൈ–സെപ്റ്റംബര്‍ മാസത്തോടെ കൊവാക്സിന് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ വിവരങ്ങൾ കമ്പനി ഡിസിജിഐക്ക് കൈമാറി.
അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്നതിനായി 90 ശതമാനം രേഖകളും ലോകാരോഗ്യ സംഘടനയ്ക്ക് സമർപ്പിച്ചതായി ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡ് (ബിബിഎൽ) കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ബാക്കി രേഖകൾ ജൂൺ മാസത്തോടെ കൈമാറുമെന്നും കമ്പനി അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 77.8 ശതമാനം ഫലപ്രാപ്തി കൊവാക്സിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: കൊവാക്‌സിൻ വാങ്ങാനുള്ള കരാറിലെ അഴിമതി ; അന്വേഷണം ആരംഭിച്ച് ബ്രസീല്‍
നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൂന്ന് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ. ഇതിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ വിവരങ്ങൾ പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങളാണ് വാക്സിനുകളുടെ ഫലപ്രാപ്തി നിർണയിക്കുന്ന ഡാറ്റയെ നിർണായകമാക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് കമ്പനി വാക്സിൻ വികസിപ്പിച്ചെടുത്തത്.