ബെംഗളൂരു :അടുത്ത അധ്യയന വർഷം മുതൽ ഭഗവഗത് ഗീതയും മഹാഭാരതവും സ്‌കൂള്‍ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. പഞ്ചതന്ത്ര കഥകളും പാഠ ഭാഗത്തിൽ ഉള്‍പ്പെടുത്തും. ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ കുട്ടികളിൽ ധാർമ്മികത വർധിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
'കുട്ടികള്‍ക്ക് ആവശ്യമായതാണ് പഠന വിഷയമാക്കുന്നത്. ഏത് മതത്തിൽ നിന്നാണോ കൂടുതൽ വിദ്യാർഥികള്‍ സ്കൂളിലേക്ക് എത്തുന്നത് ആ മതത്തിൽ നിന്നുള്ള ആശയങ്ങള്‍ ഞങ്ങള്‍ അവിടെ പാഠ്യ വിഷയമാക്കും'. 90 ശതമാനം വിദ്യാർഥികളും ഒരു മതത്തിൽ നിന്നാണ് വരുന്നതെന്നും ബി.സി നാഗേഷ് പറഞ്ഞു.
'മദ്രസകളിൽ പാഠ്യപദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ല. മദ്രസകളിലെ പഠനം കൊണ്ട് മത്സര പരീക്ഷകളിൽ വിജയം നേടാനാവില്ലെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ പറയുന്നു'. പരീക്ഷകളിൽ വിജയം നേടണമെങ്കിൽ മറ്റ് വിദ്യാർഥികളെ പോലെ പ്രഫഷണൽ വിദ്യാഭ്യാസം നൽകണമെന്നും ബി.സി നാഗേഷ് പറഞ്ഞു.
അതേസമയം ടിപ്പുവിന്‍റെ ചരിത്രം പാഠഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്‌തിട്ടില്ലന്ന് മന്ത്രി അറിയിച്ചു. ടിപ്പുവിന്‍റെ പാഠം ഉപേക്ഷിക്കണമെന്ന് ബിജെപി എംഎൽഎ അപ്പച്ചു രഞ്ജൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 'ടിപ്പു കന്നട വിരുദ്ധനായിരുന്നു. കന്നടയ്ക്ക് പകരം പേർഷ്യൻ ഭാഷ ഉപയോഗിച്ചു' - കുടകിൽ ക്രൂരകൃത്യം നടത്തിയ വ്യക്തിയാണ് ടിപ്പുവെന്നും ബിജെപി എംഎൽഎ ആരോപിച്ചിരുന്നു.