ഹൈദരാബാദ് :കൊറോണ വൈറസിന്‍റെ ബിഎഫ്.7 വകഭേദത്തില്‍ ഇന്ത്യന്‍ ജനത അമിതമായി ആശങ്കപ്പെടേണ്ടതില്ലെന്ന് ടിഐജിഎസ്(Tata Institute for Genetics and Society) ഡയറക്‌ടര്‍ രാകേഷ് മിശ്ര. ഒമിക്രോണിന്‍റെ ഉപവകഭേദമാണ് ബിഎഫ്.7. അതേസമയം മാസ്‌ക് ധരിക്കുകയും അനാവശ്യ ആള്‍ക്കൂട്ടം ഒഴിവാക്കുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സിഎസ്‌ഐആര്‍-സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയുടെ മുന്‍ ഡയറക്‌ടര്‍ കൂടിയാണ് രാകേഷ് മിശ്ര. ഇന്ത്യ അഭിമുഖീകരിച്ചത് പോലെ ചൈന കൊവിഡിന്‍റെ വിവിധ തരംഗങ്ങള്‍ അഭിമുഖീകരിക്കാത്തത് കാരണമാണ് അവിടെ നിലവില്‍ വലിയ രീതിയിലുള്ള രോഗവ്യാപനം ഉണ്ടാകുന്നതെന്ന് മിശ്ര പറഞ്ഞു. ചെറിയ മാറ്റങ്ങള്‍ ഒഴിച്ചാല്‍ ഒമിക്രോണിന്‍റെ പ്രത്യേകതകള്‍ തന്നെയാണ് ബിഎഫ്.7 വകഭേദത്തിനും ഉള്ളത്.
ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരും ഒമിക്രോണ്‍ തരംഗത്തിലൂടെ കടന്നുപോയവരാണ്. അതുകൊണ്ട് തന്നെ നമ്മള്‍ ആശങ്കപ്പെടേണ്ടതില്ല. സീറോ കൊവിഡ് പോളിസി കാരണമാണ് ചൈന നിലവില്‍ കൊവിഡിന്‍റെ വലിയ വ്യാപനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതെന്നും രാകേഷ് മിശ്ര പറഞ്ഞു.
സീറോ കൊവിഡ് പോളിസി തിരിച്ചടിക്കുന്നു :ഒരു പ്രദേശത്ത് കുറച്ച് ആളുകള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ആ പ്രദേശം മുഴുവനും ലോക്‌ഡൗണിന് വിധേയമാക്കുക. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്‍റൈന്‍ ചെയ്യുക തുടങ്ങിയ കടുത്ത നിയന്ത്രണങ്ങളാണ് സീറോ കൊവിഡിന്‍റെ ഭാഗമായി ഉണ്ടാവുക. ആദ്യഘട്ടത്തില്‍ ഏതാണ്ട് എല്ലാ രാജ്യങ്ങളും ഈ നയം പിന്തുടര്‍ന്നെങ്കിലും പിന്നീട് സാമ്പത്തിക സാമൂഹിക കാരണങ്ങളാല്‍ കൊവിഡിനൊപ്പം ജീവിക്കുക എന്ന സമീപനം പിന്തുടരുകയായിരുന്നു. എന്നാല്‍ ചൈന സീറോ കൊവിഡ് നയം തന്നെ പിന്തുടര്‍ന്നു.
എന്നാല്‍ കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ പ്രതിഷേധമുണ്ടായപ്പോഴാണ് സീറോ കൊവിഡ് നയത്തിന്‍റെ തീവ്രത ചൈന കുറയ്‌ക്കുന്നത്. എന്നാല്‍ ഈ അവസരത്തില്‍ കൊവിഡ് വലിയ രീതിയില്‍ ചൈനയില്‍ വ്യാപിക്കുകയും ചെയ്‌തു.
സീറോ കൊവിഡ് നയം കാരണം ചൈനീസ് ജനത സ്വാഭാവിക പ്രതിരോധ ശേഷി കൈവരിച്ചിട്ടില്ലെന്ന് രാകേഷ് മിശ്ര വ്യക്തമാക്കി. പ്രായമായവരില്‍ ഒരുപാട് ആളുകള്‍ ചൈനയില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. വാക്‌സിനേഷന് വിധേയമാകാത്തവരില്‍ തീവ്ര ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.
പ്രായം കുറഞ്ഞ ആളുകള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. വാക്‌സിനേഷന് വിധേയമാകാത്ത പ്രായമായവരിലാണ് കൊവിഡ് അതിവേഗം വ്യാപിക്കുന്നതെന്നും ചൈനയിലെ സാഹചര്യത്തെക്കുറിച്ച് രാകേഷ് മിശ്ര വ്യക്തമാക്കി.
ഇന്ത്യക്കാര്‍ക്ക് ഹൈബ്രിഡ് പ്രതിരോധ ശേഷി :ഭൂരിഭാഗം ഇന്ത്യക്കാരും ഹൈബ്രിഡ് പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്ന് രാകേഷ് മിശ്ര പറഞ്ഞു. വാക്‌സിനേഷനിലൂടെ ലഭിക്കുന്ന പ്രതിരോധശേഷിയോടൊപ്പം രോഗം വന്നത് മൂലമുണ്ടാകുന്ന സ്വാഭാവിക പ്രതിരോധശേഷിയും ചേരുന്നതിനെയാണ് ഹൈബ്രിഡ് പ്രതിരോധ ശേഷി എന്ന് പറയുന്നത്. ഒമിക്രോണിന്‍റെ വിവിധ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ നിലവിലുള്ള വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യമുണ്ടായ ഒമിക്രോണ്‍ തരംഗത്തില്‍ ഇന്ത്യയില്‍ വലിയ രീതിയില്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പഠനങ്ങളിലും കണ്ടെത്തിയതാണ്.
ജപ്പാനിലും, യുഎസിലും, ദക്ഷിണ കൊറിയയിലും, ബ്രസീലിലും, ചൈനയിലും പെട്ടെന്ന് കൊവിഡ് വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഡിസംബര്‍ 20ന് കത്തയച്ചിരുന്നു. സാധ്യമാകുന്നിടത്തോളം എല്ലാ ദിവസവും പോസിറ്റീവ് കേസുകളുടെ എല്ലാ സാമ്പിളുകളും ഇന്‍സാകോഗിന്‍റെ(Indian SARS-CoV-2 Genomic Consortium) ജനിതക ശ്രേണീകരണ ലാബുകളില്‍ അയക്കണമെന്ന് കത്തില്‍ രാജേഷ് ഭൂഷണ്‍ ആവശ്യപ്പെട്ടു.