ബേതുൽ: മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ മാണ്ഡവിയിൽ കുഴൽക്കിണറിൽ വീണ എട്ടുവയസുകാരനെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം 65 മണിക്കൂർ പിന്നിട്ടു. ഡിസംബർ 6നാണ് തൻമയ് സാഹുവെന്ന എട്ടുവയസുകാരൻ കളിക്കുന്നതിനിടെ 400 അടി താഴ്‌ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. കുട്ടി കിണറിന്‍റെ 55 അടി താഴ്‌ചയിലാണ് കുടുങ്ങിക്കിടക്കുന്നത്.
രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും കുട്ടിയിലേക്കെത്താനുള്ള ശ്രമങ്ങൾ വളരെവേഗം തന്നെ പൂർത്തിയാകുമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. 'ഞങ്ങൾ കുഴൽക്കിണറിന് സമാന്തരമായി 45 അടിയില്‍ കുഴി എടുത്തിട്ടുണ്ട്. ഇപ്പോൾ ഇവിടെ നിന്ന് കുഴൽക്കിണറിലേക്ക് എത്തുന്നതിനായുള്ള തുരങ്കം കുഴിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിനടിയിൽ വലിയ പാറക്കെട്ടുള്ളതിനാലാണ് രക്ഷാപ്രവർത്തനം വൈകിയത്. ഇപ്പോൾ പാറയെല്ലാം പൊട്ടിച്ച് ഞങ്ങൾ കുട്ടിയുടെ അടുത്തേക്ക് എത്താറായി. ഇനിയുള്ള ഭാഗം വളരെ അപകടകരമായതിനാൽ സൂക്ഷ്‌മതയോടെയാണ് മുന്നേറുന്നത്. യന്ത്രങ്ങളുടെ സഹായമില്ലാതെ മണ്ണ് നീക്കി കുട്ടിയുടെ അടുത്തേക്ക് എത്താനാണ് പദ്ധതി.' രക്ഷാപ്രവർത്തകർ പറഞ്ഞു.
അതിനിടെ, മൂന്ന് ദിവസമായിട്ടും രക്ഷാപ്രവർത്തനം പുരോഗമിക്കാത്തതിനെതിരെ കുട്ടിയുടെ അമ്മ രംഗത്തെത്തി. ദിവസങ്ങൾ കടന്നുപോയി, അവർ ഒന്നും പറയുന്നില്ല, എന്നെ കാണാൻ പോലും അനുവദിക്കുന്നില്ല. തൻമയ് ചൊവ്വാഴ്‌ചയാണ് കിണറ്റിൽ വീണത്, ഇപ്പോൾ വെള്ളിയാഴ്‌ചയായി. എനിക്ക് ഒന്നും വേണ്ട, എനിക്ക് എന്‍റെ കുട്ടിയെ ഒരിക്കൽ കാണണം, അത് എങ്ങനെയായാലും, അവനെ പെട്ടന്ന് പുറത്തെടുക്കൂ. ഒരു നേതാവിന്‍റെയോ വലിയ ഉദ്യോഗസ്ഥന്‍റേയോ കുട്ടിയായിരുന്നെങ്കിൽ ഇത്രയും സമയമെടുക്കുമായിരുന്നോ? തൻമയ്‌യുടെ അമ്മ ചോദിച്ചു.