ബെംഗളൂരു:യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീടിന് മുന്നില്‍ ഉപേക്ഷിച്ച അയല്‍വാസിയായ പ്രതി പിടിയില്‍. ഒഡിഷ സ്വദേശി കൃഷ്‌ണ ചന്ദ് സെടിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെയായിരുന്നു കര്‍ണാടക കലബുര്‍ഗി സ്വദേശിയായ 21-കാരി കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യുവതിയും സഹോദരിയും മഹാദേവ്‌പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹേശ്വരിനഗര്‍ എന്ന സ്ഥലത്തായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷമായി താമസിച്ചിരുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പ് ഇക്കഴിഞ്ഞ വ്യാഴാഴ്‌ച (ഓഗസ്റ്റ് 10) ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, അടുത്ത ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ പുതപ്പിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ വീടിന് മുന്നില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതിയെ കുടുക്കിയത് ദൃക്‌സാക്ഷിയുടെ മൊഴി:കാണാതായ യുവതിയുടെ മൃതദേഹം വീടിന് മുന്നില്‍ കണ്ടെത്തിയതിന് പിന്നാലെ തന്നെ പൊലീസ് സംഘം ഇവിടേക്ക് എത്തിയിരുന്നു. തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ രാത്രിയില്‍ കാണാതായ യുവതി അധികം ദൂരം സഞ്ചരിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ്, പ്രതി സമീപത്തുള്ള ആരെങ്കിലുമാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ഇതോടെ, അയല്‍വാസികളില്‍ നിന്നും വിവരം രേഖപ്പെടുത്തുന്നതിനിടെയാണ് കൊല്ലപ്പെട്ട യുവതിയെ രാത്രിയില്‍ കൃഷ്‌ണ ചന്ദിന്‍റെ വീടിന് സമീപത്തായി കണ്ടിരുന്നുവെന്ന് ഒരു പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. പിന്നാലെയായിരുന്നു പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.