ബെംഗളൂരു : യാത്രക്കാരുടെ ട്രെയിൻ കാത്തിരിപ്പ് സമയം അനന്ദകരമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ചലിക്കുന്ന ശുദ്ധജല തുരങ്ക അക്വേറിയം കെഎസ്‌ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ തുറന്നു. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് (ഐആർഎസ്‌ഡിസി) എച്ച്എൻഐ അക്വാട്ടിക് കിങ്ഡവുമായി സഹകരിച്ചാണ് തുരങ്ക അക്വേറിയം നിർമിച്ചിരിക്കുന്നത്.
ആമസോൺ റിവറിനെ അടിസ്ഥാനമാക്കിയാണ് അക്വേറിയം നിർമിച്ചിരിക്കുന്നത്. യാത്രക്കാരുടെ ട്രെയിൻ കാത്തിരിപ്പ് സമയത്തെ ആനന്ദകരമാക്കുന്നതിനൊപ്പം തന്നെ ഇന്ത്യൻ റെയിൽവേയ്ക്ക് ഒരു വരുമാനവുമാകും ഈ അക്വേറിയം എന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്. 25 രൂപയാണ് അക്വേറിയത്തിൽ പ്രവേശിക്കുന്നതിന് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.
താമസിയാതെ തന്നെ 90 റെയിൽവേ സ്റ്റേഷനുകളിൽ കൂടി ഇത്തരത്തിൽ നവീകരിക്കുമെന്ന് ഐആർഎസ്‌ഡിസി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുമായ എസ്. കെ. ലോഹിയ പറഞ്ഞു. വിമാനത്താവളങ്ങൾക്ക് തുല്യമായി തന്നെ റെയിൽവേ സ്റ്റേഷനുകളും വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിലൂടെ വിനോദം കൂടാതെ ഇവിടെയെത്തുന്ന ആളുകൾക്ക് പഠനസംബന്ധിയായ അനുഭവം കൂടിയായിരിക്കുമെന്ന് ലോഹിയ പറഞ്ഞു. കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി തന്നെ പാലിച്ചാലും ഒരു സമയം 25 പേരെ വരെ അക്വേറിയത്തിനകത്ത് പ്രവേശിപ്പിക്കാൻ കഴിയും എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.