ബെംഗളുരു: ബെംഗളുരു കേന്ദ്രീകരിച്ച് നടന്ന 854 കോടിയുടെ സൈബർ നിക്ഷേപ തട്ടിപ്പില്‍ (Cyber Investment Fraud) ആറ് പേര്‍ പിടിയില്‍. നിക്ഷേപ പദ്ധതിയുടെ പേരിൽ ഇന്ത്യയൊട്ടാകെയുള്ള ആയിരക്കണക്കിനുപേരെയാണ് തട്ടിപ്പു സംഘം കബളിപ്പിച്ചത് (854 Crore Cyber Fraud in Bengaluru- Police Nabbed Six People). പ്രതികള്‍ അറസ്റ്റിലായതിനു പിന്നാലെ തട്ടിപ്പു നടത്തിയ തുകയിൽ അഞ്ച് കോടി രൂപ മരവിപ്പിച്ചതായി ബെംഗളുരു പൊലീസ് (Bengaluru Police) പറഞ്ഞു.
വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതികൾ ഇരകളെ കണ്ടെത്തിയത്. തുടക്കത്തിൽ, 1,000 രൂപ മുതൽ 10,000 രൂപ വരെയുളള തുക നിക്ഷേപിച്ചാല്‍ 1,000 മുതൽ 5,000 രൂപ പ്രതിദിനം ലാഭം ലഭിക്കുമെന്ന മോഹന വാഗ്‌ദാനം നല്‍കി തട്ടിപ്പുകാര്‍ ഇരകളെ പ്രലോഭിപ്പിച്ചു. ഇത് വിശ്വസിച്ച് ആയിരക്കണക്കിനാളുകള്‍ ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള തുക നിക്ഷേപമായി നല്‍കിയിട്ടുണ്ട്.
Also Read:ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യാൻ ശ്രമിക്കുന്നതിനിടെ സൈബർ തട്ടിപ്പ്, നഷ്‌ടമായത് മൂന്നര ലക്ഷം
ഇരകൾ ഓൺലൈൻ പേയ്‌മെന്‍റ് (Online Payment) വഴിയാണ് തട്ടിപ്പുകാര്‍ക്ക് പണം കൈമാറിയത്. എന്നാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയായ ശേഷം തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ അവർക്ക് പണം ലഭിച്ചില്ല. ഇതോടെയാണ് നിക്ഷേപകര്‍ ഒരോരുത്തരായി പരാതിയുമായി രംഗത്തെത്തിയത്. ഇതിനോടകം തട്ടിപ്പിലൂടെ ലഭിച്ച തുക മുഴുവന്‍ പ്രതികൾ വ്യാജ അക്കൗണ്ടുകളിലൂടെ പിന്‍വലിച്ചിരുന്നതായി കേസന്വേഷിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 854 കോടി രൂപയാണ് ക്രിപ്‌റ്റോ കറന്‍സി, പേയ്‌മെന്‍റ് ഗേറ്റ്‌വേ, ഗെയിമിങ് ആപ്പുകൾ എന്നിങ്ങനെയുള്ള വിവിധ ഓൺലൈൻ പേയ്‌മെന്‍റ് രീതികളിലൂടെ പിന്‍വലിക്കപ്പെട്ടതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ മാസം ആദ്യം ബെംഗളുരു പൊലീസ് നടത്തിയ വ്യാപക സൈബര്‍ പരിശോധനയില്‍ സംശയാസ്‌പദമായ നിരവധി മൊബൈല്‍ നമ്പറുകൾ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 15,000 സിം കാർഡുകളാണ് ബ്ലോക്ക് ചെയ്‌തത്. ഈ സിം കാർഡുകൾ ദുരുപയോഗം ചെയ്‌ത് സൈബർ കുറ്റവാളികൾ ബെംഗളുരു കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read:Investment Fraud | 200 കോടി രൂപയിലധികമുള്ള നിക്ഷേപ തട്ടിപ്പ്; പ്രതിയെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ട് കോടതി