കേരളം

kerala

By

Published : Apr 7, 2022, 9:28 PM IST

ETV Bharat / bharat

1.76 കോടി രൂപയും 12 ലക്ഷത്തിന്‍റെ സ്വര്‍ണവും കവര്‍ന്നു, ശേഷം വീട്ടിലെ വിദേശമദ്യവും കഴിച്ച് മടക്കം ; ഒടുവില്‍ പിടിയിൽ

സുനിൽകുമാർ, ദിലീപ് എന്നീ പ്രതികളാണ് പൊലീസിന്‍റെ പിടിയിലായത്

Bengaluru police arrested two thieves  police arrested two thieves with stolen jewelry and Rs 1.76 crore Cash  1.76 കോടി കവർന്ന പ്രതികൾ പിടിയിൽ  two thieves arrested in bengaluru  ബെംഗളൂരുവിലെ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന പ്രതികൾ പിടിയിൽ
1.76 കോടി രൂപ കവർന്നു, ശേഷം വീട്ടിലെ വിദേശ മദ്യവും കഴിച്ച് മടക്കം; രണ്ട് പ്രതികൾ പിടിയിൽ

ബെംഗളൂരു : കെ.എസ് ലേഔട്ടിലെ വീട്ടിൽ നിന്ന് 1.76 കോടി രൂപയും 12 ലക്ഷം രൂപയുടെ സ്വർണവും കവർന്ന കേസിൽ രണ്ട്‌ പ്രതികൾ പിടിയിൽ. സുബ്രഹ്മണ്യപുര സ്വദേശിയായ സുനിൽകുമാർ, മാണ്ഡ്യ സ്വദേശിയായ ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. മോഷണ ശേഷം വീട്ടിലുണ്ടായിരുന്ന വിദേശ മദ്യവും കഴിച്ച് പണവും വീതിച്ചെടുത്ത ശേഷമാണ് പ്രതികൾ മടങ്ങിയത്.

പരിചയം ജയിലിൽവച്ച് : നേരത്തെ മയക്കുമരുന്ന് കേസിലും മോഷണക്കേസിലും പ്രതികളായിരുന്ന സുനിൽ കുമാറും, ദിലീപും ഒന്നിച്ച് ജയിലിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ജാമ്യത്തിലിറങ്ങിയാൽ ജീവിതം മാറ്റിമറിക്കുമെന്ന് സുനിൽ ദിലീപിന് ജയിലിൽ വച്ച് വാക്ക് നൽകിയിരുന്നു.

ജയിലിൽ നിന്നിറങ്ങിയ ശേഷം ഓട്ടോ ഓടിച്ചിരുന്ന സുനിൽ മോഷണം നടന്ന വീട്ടിന്‍റെ ഉടമസ്ഥനായ സന്ദീപ് ലാലിനെ ഒരിക്കൽ കെഎസ് ലേഔട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ സന്ദീപ് ലാൽ പിതാവ് മൻമോഹൻ ലാലിന് ഒരു കെട്ട് പണം നൽകുന്നത് സുനിൽ കണ്ടിരുന്നു. സന്ദീപിന്‍റെ വീടിന് മുന്നിൽ നിരവധി ആഡംബര ബൈക്കുകൾ പാർക്ക് ചെയ്‌തിരുന്നതും ഇയാളുടെ ശ്രദ്ധയിൽപ്പെട്ടു.

കൃത്യമായ ആസൂത്രണം : സന്ദീപ് ലാൽ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നതെന്ന് പ്രതി മനസിലാക്കി. ഇയാളുടെ അച്ഛനും അമ്മയും തൊട്ടടുത്ത വീട്ടിലായിരുന്നു താമസം. ഇതിനിടെ സന്ദീപ് ജോലിയുടെ ആവശ്യത്തിനായി ചെന്നൈയിൽ പോയ തക്കം നോക്കി പ്രതികൾ മാർച്ച് 28ന് ഉച്ചയോടെ വീടിനുള്ളിൽ കടക്കുകയായിരുന്നു. തുടർന്ന് വീട്ടിനുള്ളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണം ഇരുവരും കൈക്കലാക്കി.

മോഷണ ശേഷം ഇരുവരും വീട്ടിലുണ്ടായിരുന്ന വിദേശ മദ്യം കുടിച്ചു. തുടർന്ന് പണവും സ്വര്‍ണവും പ്രതികൾ തുല്യമായി വീതിച്ചെടുത്ത ശേഷം അവിടെ നിന്ന് മടങ്ങി. മോഷ്ടിച്ച പണം കൊണ്ട് ദിലീപ് മാതാപിതാക്കൾക്ക് ആഭരണങ്ങൾ വാങ്ങി കൊടുത്തിരുന്നു. തുടർന്ന് ഇയാൾ ഗോവയിലേക്ക് യാത്രയും ചെയ്‌തു. എന്നാൽ സുനിൽ പണം ചെലവാക്കിയിരുന്നില്ല. ഇൻസ്‌പെക്‌ടർ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details