ബെംഗളുരു:നഗരത്തിലെ ഗുണ്ടകൾക്കും മയക്കുമരുന്ന് കച്ചവടക്കാർക്കുമെതിരെ അന്വേഷണം ശക്തമാക്കി ബെംഗളുരു പൊലീസ്. നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള കുറ്റവാളികളുടെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തി. 600ഓളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് 180ലധികം ഗുണ്ടകളുടെയും 22 മയക്കുമരുന്ന് കടത്തുകാരുടെയും വീട്ടിലാണ് റെയ്‌ഡ് നടത്തിയത്. ബാംഗ്ലൂർ വെസ്റ്റ് ഡിവിഷൻ ഡിസിപി സഞ്ജീവ് പാട്ടീലിന്‍റെ നേതൃത്വത്തിൽ ഞായറാഴ്‌ച പുലർച്ചെയായിരുന്നു റെയ്‌ഡ്.
നഗരത്തിലെ ക്രമ സമാധാന പാലനത്തിന്‍റെ ഭാഗമായി അഞ്ജപ്പ ഗാർഡൻ, നേതാജി നഗർ, ഗോപാൽപുര, ശ്യാമണ്ണ ഗാർഡൻ, ബാപ്പുജി നഗർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് റെയ്‌ഡ് നടന്നത്. ഗുണ്ടാസംഘങ്ങൾക്ക് നേരെ കർശന നടപടിയെടുക്കുമെന്ന് ഡിസിപി മുന്നറിയിപ്പ് നൽകി. ഗുണ്ടാ പ്രവർത്തനങ്ങൾ വിട്ട് മുഖ്യധാരയിൽ ചേർന്നാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സഹായങ്ങൾ പൊലീസിന്‍റെ ഭാഗത്ത് നിന്നും നൽകുമെന്നും ഡിസിപി മുന്നറിയിപ്പ് നൽകി.