ബെംഗളൂരു(കർണാടക):ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് അമ്മയും മകനും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്‍റെ മുകളിലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ഹൊറമാവ് സ്വദേശി തേജസ്വനി, രണ്ടര വയസുള്ള മകൻ വിഹാൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ തേജസ്വനിയുടെ ഭർത്താവിനും മകൾക്കും പരിക്കേറ്റു. അപകടം നടന്നയുടൻ അമ്മയേയും മകനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ തേജസ്വനിയുടെ ഭർത്താവ് ലോഹിത്തിനെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
ഇന്ന്(10-1-2023) രാവിലെയാണ് സംഭവം. ബെഗളൂരുവിലെ നാഗവര ഏരിയയിലാണ് അപകടം നടന്നത്. ലോഹിത്തും തേജസ്വനിയും മക്കളെ നഴ്‌സറിയിലാക്കാൻ പോകുന്നതിനിടെയാണ് അപകടം. ലോഹിത്താണ് സ്‌കൂട്ടർ ഓടിച്ചിരുന്നത്.
കല്യാൺ നഗറിൽ നിന്ന് എച്ച്ആർബിആർ റോഡിലേക്കുള്ള വഴിയിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ ഇവരുടെ മേലെ തകർന്ന് വീഴുകയായിരുന്നു. അമ്മയുടെയും മകന്‍റെയും മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ബൗറിങ് ആശുപത്രിയിലേക്ക് അയക്കുമെന്ന് ബെംഗളൂരു ഈസ്‌റ്റ് ഡിവിഷൻ ഡിസിപി ഭീമശങ്കർ ഗുലേദ ഇടിവി ഭാരതിനോട് പറഞ്ഞു.
സംഭവത്തെ തുടർന്ന് ബിഎംആർസിഎൽ മാനേജിങ് ഡയറക്‌ടർ അഞ്ജും പർവേസ്, ഈസ്‌റ്റ് ഡിവിഷൻ പൊലീസ് അഡീഷണൽ കമ്മീഷണർ ചന്ദ്രശേഖർ, ഡിസിപി ഭീമ ശങ്കർ ഗുലേദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന് പിന്നാലെ മേഖലയില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.