ബെംഗളൂരു : മെട്രോ പില്ലര്‍ തകര്‍ന്നുവീണ് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ്. അഞ്ച് മാസം മുമ്പുണ്ടായ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നിര്‍മാണ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ ബെംഗളൂരു മെട്രോ കോര്‍പറേഷന്‍ എഞ്ചിനീയര്‍മാര്‍(ബിഎംആര്‍സിഎല്‍) എന്നിവരുള്‍പ്പടെ 11 പേര്‍ക്കെതിരെ 1100 പേജുകളുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.
സുരക്ഷാവീഴ്‌ചയെന്ന് റിപ്പോര്‍ട്ട് :ബെംഗളൂരു ഗോവിന്ദ്പൂര്‍ പൊലീസിനായിരുന്നു കേസിന്‍റെ അന്വേഷണ ചുമതല. സംഭവ സ്ഥലം സന്ദര്‍ശിച്ച ഐഐടി വിദഗ്‌ധരുടെ റിപ്പോര്‍ട്ടിന്‍റെയും എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. അനുബന്ധ റിപ്പോര്‍ട്ടുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരുന്നു.
മെട്രോ പില്ലര്‍ നിര്‍മിക്കുമ്പോള്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാത്തതും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്‌ചയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൂടാതെ, പദ്ധതി രേഖകള്‍ പരിശോധിച്ച പൊലീസ്, തൂണ്‍ രൂപകല്‍പ്പന ചെയ്‌തത് എങ്ങനെയെന്നും ബദലായി എന്തെല്ലാം സുരക്ഷാനടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നുവന്നും കോടതിയില്‍ വ്യക്തമാക്കി.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ : ഇക്കഴിഞ്ഞ ജനുവരി 10നായിരുന്നു കേസിനാസ്‌പദമായ സംഭവം. എച്ച്ആര്‍ബിആര്‍ ലേഔട്ടിലെ റിങ് റോഡില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെ മെട്രോ പില്ലര്‍ തകര്‍ന്നുവീണ് അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു. ഇരു ചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന തേജസ്വിനി(28), മകന്‍ വിഹാന്‍(3) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ചിരുന്ന തേജസ്വിനിയുടെ ഭര്‍ത്താവ് ലോഹിത് കുമാറും മറ്റൊരു പെണ്‍കുട്ടിയും ഗുരുതര പരിക്കുകളോടെ രക്ഷപെട്ടിരുന്നു. പില്ലര്‍ നിര്‍മാണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന ബിഎംആര്‍സിഎല്ലിനെതിരെയും നാഗാര്‍ജുന കണ്‍സ്‌ട്രക്ഷന്‍ കമ്പനിയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ലോഹിത് കുമാര്‍ ഗോവിന്ദ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.
ഇതില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ബിഎംആര്‍സിഎല്‍ എംഡി അംജും പര്‍വേസ് ഉള്‍പ്പടെ 15 ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. ശേഷം, ബിഎംആര്‍സിഎല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും എക്‌സിക്യുട്ടീവ് എഞ്ചിനീയറെയും സൈറ്റ് എഞ്ചിനീയറെയും സസ്‌പെന്‍റ് ചെയ്‌തിരുന്നു. കേസില്‍ സ്വതന്ത്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിഎംആര്‍സിഎല്‍ ഉള്‍പ്പടെ ഐഐടിയോട് ആവശ്യപ്പെട്ടു.
കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു : ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അങ്കമാലി കറുകുറ്റിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. കറുകുറ്റി സെന്‍റ് സേവ്യേഴ്‌സ് ഫൊറോന പള്ളിയ്‌ക്ക് പുറകില്‍ നിര്‍മാണത്തിലിരുന്ന രണ്ട് നില വീടിന്‍റെ സണ്‍ഷൈഡ് സ്ലാബാണ് തൊഴിലാളികള്‍ക്ക് മേല്‍ വീണത്.
കറുകുറ്റി സ്വദേശിയായ ജോണി അന്തോണി, പശ്ചിമ ബംഗാള്‍ സ്വദേശി അലിഹസന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അലിഹസന്‍ ആശുപത്രിയിലേയ്‌ക്കുള്ള വഴിമധ്യേയും ജോണി അന്തോണി ആശുപത്രിയിലെത്തിച്ച ശേഷവും മരണപ്പെടുകയായിരുന്നു. നേരത്തെ വാര്‍ക്കല്‍ പൂര്‍ത്തിയായ സ്ലാബിന് മുകളില്‍ ഒരാള്‍ കയറിയതോടെ സ്ലാബ് തകര്‍ന്നതെന്നാണ് വിവരം. ഇതോടെ താഴെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയുടെ മുകളിലേയ്‌ക്ക് സ്ലാബ് അടര്‍ന്ന് വീഴുകയായിരുന്നു.
നിര്‍മാണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച സ്ലാബ് താങ്ങി നിര്‍ത്തിയ ഷീറ്റുകള്‍ നീക്കം ചെയ്യുന്നതിനിടെയായിരുന്നു തൊഴിലാളി സ്ലാബിന് മുകളില്‍ കയറിയത്. ഇരുനില കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. അപകട സമയം മലയാളികളും ഇതര സംസ്ഥാനക്കാരുമായ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്‌തുവരികയായിരുന്നു.