ബെംഗളൂരു :യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച സംഭവത്തില്‍ മോഷ്‌ടാവിനെ പിടികൂടാന്‍ വഴിത്തിരിവായത് ഓണ്‍ലൈന്‍ ഡെലിവറി ബോയിയുടെ നിര്‍ണായക ഇടപെടല്‍. യുവതി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് പ്രതിയായ ടോണി ഫോണ്‍ കവർന്നത്. യുവതിയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന ഡെലിവറി ബോയി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണിന്‍റെ ലൊക്കേഷൻ കണ്ടെത്തിയതാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.
യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍ ; നിര്‍ണായകമായത് ഡെലിവറി ബോയിയുടെ 'അന്വേഷണം'
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് യുവതി കവര്‍ച്ചയ്‌ക്ക് ഇരയായത്. സമീപത്തുണ്ടായിരുന്ന ഓണ്‍ലൈന്‍ ഡെലിവറി ബോയിയുടെ നിര്‍ണായക ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്
യുവതിയില്‍ നിന്നും മൊബൈൽ ഫോണ്‍ തട്ടിപ്പറിച്ച് ഒരാള്‍ ഓടുന്നതുകണ്ട സമീപത്തുണ്ടായിരുന്ന സൂര്യയെന്ന് പേരുള്ള ഡെലിവറി ബോയ് സഹായിക്കാനെത്തുകയായിരുന്നു. ആപ്പ് ഉപയോഗിച്ച് മോഷ്‌ടിച്ച മൊബൈൽ ഫോണിന്‍റെ ലൊക്കേഷൻ കണ്ടെത്തിയ സൂര്യ പ്രതിയുടെ അടുത്തെത്തി. ഫോണ്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സൂര്യയെ കത്തി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു.
തുടര്‍ന്ന് യുവതി സിദ്ധപുര പൊലീസില്‍ പരാതി നല്‍കുകയും കടകളില്‍ സ്ഥാപിച്ച സിസിടിവി കാമറകളുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു. സിദ്ധപുര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ഹനുമന്ത ഭജൻത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. അതേസമയം ബെംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ കവർച്ച വര്‍ധിക്കുകയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി സമാനമായ നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്.