ബെംഗളൂരു : പടക്കകടയിലുണ്ടായ തീപിടിത്തത്തിൽ ഞായറാഴ്‌ചയോടെ മരിച്ചവരുടെ എണ്ണം 14 ആയി (Bengaluru firework shop fire Death Toll Rises). ശനിയാഴ്‌ച (ഒക്‌ടോബര്‍ 7) ആനേക്കൽ താലൂക്കിലെ അത്തിബെലെ പടക്ക ഗോഡൗണിൽ ആണ് തീ പടര്‍ന്നത്. 12 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേർ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് പൊലീസ് പറയുന്നത്.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്‌ച സംഭവസ്ഥലം സന്ദർശിച്ച് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. മരണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരിൽ ഭൂരിഭാഗവും പടക്ക ഗോഡൗൺ-കം-ഷോപ്പിൽ ജോലി ചെയ്യുന്നവരാണെന്നും മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. എല്ലാ മൃതദേഹങ്ങളും അതിബലെ ഓക്‌സ്‌ഫോർഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
20 തൊഴിലാളികളാണ് ഗോഡൗണിലുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ രക്ഷപ്പെട്ടു. ആനേക്കല്‍ സ്വദേശിയായ നവീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് സംഭവം. ദീപാവലിക്ക് വേണ്ടി ഗോഡൗണില്‍ എത്തിച്ച പടക്കം ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഇതോടെ സമീപത്തുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. സംഭവത്തിന് പിന്നാലെ അത്തിബെലെ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു.
ബാലാജി ക്രാക്കേഴ്‌സ് ഗോഡൗണിലേക്ക് വാഹനത്തില്‍ കൊണ്ടുവന്ന പടക്കം ഇറക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ബെംഗളൂരു റൂറല്‍ എസ്‌പി മല്ലികാര്‍ജുന ബാലദണ്ടി പറഞ്ഞു. തീപിടിത്തത്തില്‍ കടയും വീടും പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തത്തില്‍ കടയുടമ നവീനിനും പൊള്ളലേറ്റിട്ടുണ്ട്. ഗോഡൗണിന്‍റെ ലൈസന്‍സ് സംബന്ധിച്ച് അന്വേഷണ സംഘം പരിശോധന നടത്തുകയാണെന്നും എസ്‌പി മല്ലികാര്‍ജുന ബാലദണ്ടി പറഞ്ഞു.