മുംബൈ:രാജ്യത്തെ ആദ്യത്തെ എക്‌സ്‌പ്രസ് കാർഗോ ടെർമിനൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ. കാർഗോ ടെർമിനൽ വരുന്നതോടെ പ്രതിവർഷം 25 ശതമാനം കൂടുതൽ ചരക്കുകൾ കൈകാര്യം ചെയ്യാൻ സാധിക്കും. ബെംഗളൂരു വിമാനത്താവളത്തിന്‍റെ ഓപ്പറേറ്ററായ ബംഗളൂരു ഇന്‍റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത 2 ലക്ഷം ചതുരശ്രയടി ബിൽറ്റ്-ടു-സ്യൂട്ട് സൗകര്യത്തിൽ പ്രമുഖ ആഗോള എക്‌സ്‌പ്രസ് കൊറിയർ ശ്രിംഖലകളായ ഡിഎച്ച്എൽ എക്‌സ്‌പ്രസ്, ഫെഡ്എക്‌സ് എക്‌സ്‌പ്രസ് എന്നിവയും ഉൾപ്പെടുന്നു.
രാജ്യത്തെ ആദ്യ എക്‌സ്‌പ്രസ് കാർഗോ ടെർമിനൽ ബെംഗളൂരു വിമാനത്താവളത്തിൽ - രാജ്യത്തെ ആദ്യ എക്‌സ്‌പ്രസ് കാർഗോ ടെർമിനൽ
പുതിയ സൗകര്യം വരുന്നതോടെ പ്രതിവർഷം 1,50,000 ടൺ ചരക്ക് നീക്കുപോക്ക് നടത്താൻ ബെംഗളൂരു വിമാനത്താവളത്തിന് സാധിക്കും
എക്‌സ്‌പ്രസ് ഇൻഡസ്ട്രി കൗൺസിൽ ഓഫ് ഇന്ത്യ (ഇഐസിഐ) യാണ് കോമൺ-യൂസർ എക്‌സ്‌പ്രസ് ടെർമിനൽ പ്രവർത്തിപ്പിക്കുക. ഇത് ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് അടിത്തറയ്ക്ക് പ്രചോദനമേകും. ടെർമിനലില്‍ കസ്റ്റംസ് ഓഫീസുകൾക്കായി ഒരു പ്രത്യേക സ്ഥലവും ഗ്രൗണ്ടിലേക്കും എയർസൈഡിലേക്കും നേരിട്ട് പ്രവേശന കവാടങ്ങളുമുണ്ടാകും. ഇ-കൊമേഴ്‌സ് രംഗത്തെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് കാർഗോ ടെർമിനല്‍ സഹായകമാകുമെന്ന് ബിയാൽ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ഹരി മാരാർ പറഞ്ഞു. ഇതിനുപുറമെ, ലോകമെമ്പാടേക്കുമുള്ള ചരക്കുകളുടെ വ്യാപാരം വേഗത്തിലാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പുതിയ സൗകര്യം വരുന്നതോടെ പ്രതിവർഷം 1,50,000 ടൺ ചരക്ക് നീക്കുപോക്ക് നടത്താൻ ബെംഗളൂരു വിമാനത്താവളത്തിന് സാധിക്കും. ഇത് വിമാനത്താവളത്തിന്‍റെ മൊത്തം വാർഷിക ചരക്ക് ശേഷി നിലവിലുള്ള 5,70,000 ടണ്ണിൽ നിന്ന് 7,20,000 ടണ്ണായി ഉയർത്തുമെന്ന് ബിയാൽ പറഞ്ഞു. ഒരു ഇന്ത്യൻ വിമാനത്താവളത്തിലെ ആദ്യത്തെ വെയർഹൗസിംഗ് സൗകര്യമാണിത്. യന്ത്രവത്കൃത ട്രക്ക് ഡോക്കുകൾ ചരക്ക് വേഗത്തിൽ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സഹായിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ എക്‌സ്‌പ്രസ് കാർഗോ ടെർമിനൽ ബിയാൽ നിർമിച്ചതോടെ എക്‌സ്‌പ്രസ് വ്യവസായം തുടരുന്നതിനും കൂടുതൽ ഉയരങ്ങൾ കൈവരിക്കുന്നതിനും വലിയൊരു ഊർജം ലഭിച്ചുവെന്ന് ഇഐസിഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിജയ് കുമാർ വ്യക്തമാക്കി.