കൊൽക്കത്ത :ഇതിഹാസ ബംഗാളി ഗായിക സന്ധ്യ മുഖോപാധ്യായ(90) അന്തരിച്ചു. കൊൽക്കത്തയിലെ സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതയായ ഗായികയെ ജനുവരി 27നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അസുഖം ഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രി മമത ബാനർജി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് എസ്എസ്‌കെഎം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിരുന്നു. വിഐപി, വിവിഐപി വിഭാഗത്തിലുള്ളവരെ പ്രവേശിപ്പിക്കുന്ന വുഡ്‌ബേൺ വാർഡിലാണ് ഗായികയെ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേന്ദ്ര സർക്കാരിന്‍റെ പത്മശ്രീ അവാർഡ് നിരസിച്ചതിന് ഗായിക ഈയിടെ ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടിൽ ഇടംപിടിച്ചിരുന്നു. തനിക്ക് ഈ പ്രായത്തിൽ അവാർഡ് നൽകുന്നത് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗായിക പത്മശ്രീ നിരസിച്ചത്. അവാർഡ് വാഗ്‌ദാനം ചെയ്‌തവർ തന്‍റെ സംഗീത യാത്ര എത്രമാത്രം വൈവിധ്യപൂർണമാണെന്ന് മനസിലാക്കിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.