ന്യൂഡൽഹി : ബംഗാളിലെ സീറ്റ് വിഭജനവുമായി (Bengal Seat Sharing) ബന്ധപ്പെട്ട് വാക്‌പോര് തുടരുന്നതിനിടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഖ്യകക്ഷിയായ കോൺഗ്രസിന് കൂടുതൽ സമയം നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് (Trinamool Congress). പാർട്ടി പ്രതിപക്ഷ സംഖ്യത്തോട് പ്രതിജ്ഞാബദ്ധമാണെന്നും തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവ് കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഡിസംബർ 19ന് നടന്ന ഇന്ത്യ ബ്ലോക്കിന്‍റെ അവസാന യോഗത്തിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്ക് ഡിസംബർ 31 വരെ സമയപരിധി നീട്ടിയിരുന്നു.
'സമയപരിധി ഇതിനകം കഴിഞ്ഞു, സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ എന്തായാലും ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ഞങ്ങൾ വലിയ മനസുള്ളവരാണ്, ഞങ്ങൾ ഇന്ത്യൻ സഖ്യത്തോട് പ്രതിജ്ഞാബദ്ധരാണ്. ഇത് പരിഹരിക്കാൻ അവർക്ക് കുറച്ച് ദിവസങ്ങൾ കൂടി ആവശ്യമാണെന്ന് തോന്നുന്നു' എന്ന് ഒരു മുതിർന്ന ടിഎംസി നേതാവ് പറഞ്ഞു.
പശ്ചിമബംഗാളിലെ 42 ലോക്‌സഭ സീറ്റുകളിൽ കോൺഗ്രസിനും സിപിഎമ്മിനും കൂടി രണ്ട് സീറ്റ് നൽകാം എന്ന നിലപാട് തൃണമൂൽ കോൺഗ്രസ് അറിയിച്ചതോടെയാണ് വാക്‌പോര് ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് സീറ്റ് വിഭജന ചർച്ചകൾ അവസാനിപ്പിക്കേണ്ടതിനാൽ സംയുക്ത പരിപാടികളെക്കുറിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.