കൊൽക്കത്ത:ബംഗാൾ ജനതക്ക് മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായതായി പ്രധാന മന്ത്രി നരേന്ദ്ര മോദി. ബംഗാളിന്‍റെ വികസനത്തിനായി മമതയെ വിശ്വസിച്ച ജനങ്ങൾ ചതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്നും മോദി പറഞ്ഞു. ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ 2021 നിയമസഭാ തെരഞ്ഞെടുപ്പിലെ തന്‍റെ ആദ്യ പ്രചാരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ബംഗാളിന്‍റെ സമഗ്രമായ വികസനം ഉറപ്പ് നൽകുന്നതായി മോദി ജനങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപം വർധിപ്പിക്കുന്നതിനോടൊപ്പം ബംഗാളിന്‍റെ സംസ്കാരത്തെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു. വന്ദേ മാതരം, ഭാരത് മാതാ കി ജയ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രധാനമന്ത്രി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രസംഗം ആരംഭിച്ചത്. ബംഗാൾ ഇന്ത്യയുടെ മൂല്യങ്ങൾക്ക് ഊർജ്ജം നൽകി. സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ബംഗാൾ വലിയ പങ്കു വഹിച്ചു. വിജ്ഞാനശാസ്ത്രത്തിൽ ഇന്ത്യയുടെ അഭിമാനമായി ബംഗാൾ മാറിയെന്നും പ്രധാന മന്ത്രി പറഞ്ഞു.