കൊൽക്കത്ത:പശ്ചിമ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖർക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി കല്ല്യാൺ ബാനർജി. നാരദ കേസിൽ മൂന്ന് ടിഎംസി നേതാക്കളെയും മുൻ മേയറെയും അറസ്റ്റ് ചെയ്‌തത് ഗവർണറുടെ നിർദേശത്താലാണെന്നാണ് ആരോപണം. എന്നാൽ ഇക്കാര്യം ബംഗാൾ ജനതയുടെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുമെന്നായിരുന്നു ഗവർണറുടെ മറുപടി. മന്ത്രിമാരായിരുന്ന ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, ടിഎംസി എംഎൽഎ മദൻ മിത്ര, കൊൽക്കത്ത മുൻ മേയർ സോവൻ ചാറ്റർജി എന്നിവരെ അറസ്റ്റ് ചെയ്യാൻ ഗവർണർ മെയ് 7 ന് നാരദ കേസ് അന്വേഷിക്കുന്ന സിബിഐക്ക് അനുമതി നൽകിയിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് അറസ്റ്റിലായ നാല് പേരും മന്ത്രിമാർ കൂടിയായിരുന്നു.
ഗവർണർ ജഗ്‌ദീപ് ധൻഖർക്കെതിരെ പോര് കടുപ്പിച്ച് തൃണമൂൽ കോൺഗ്രസ് - ഗവർണർ ജഗ്‌ദീപ് ധൻഖർ
മന്ത്രിമാരായിരുന്ന ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, ടിഎംസി എംഎൽഎ മദൻ മിത്ര, കൊൽക്കത്ത മുൻ മേയർ സോവൻ ചാറ്റർജി എന്നിവരെ അറസ്റ്റ് ചെയ്‌തതിന് പിന്നിൽ ഗവർണറുടെ നിർദേശങ്ങളാണെന്നായിരുന്നു തൃണമൂൽ ആരോപണം.
ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ തൃണമൂൽ കോൺഗ്രസിനെ ഗവർണർ വേട്ടയാടുകയാണെന്നും നാല് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്നും ഹൂഗ്ലി ജില്ലയിൽ വച്ച് ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്കെതിരെ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. വോട്ടെടുപ്പിന് ശേഷമുള്ള അക്രമബാധിത പ്രദേശങ്ങളായ കൂച്ച് ബെഹാർ, നന്ദിഗ്രാം എന്നിവിടങ്ങളിൽ ധൻഖർ അടുത്തിടെ സന്ദർശനം നടത്തുകയും മുഖ്യമന്ത്രി മമത ബാനർജി രക്തച്ചൊരിച്ചിൽ ഉണ്ടാകുമ്പോൾ മൗനം പാലിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു. അതേസമയം, സംസ്ഥാന സർക്കാരുമായി നന്നായി ആലോചിക്കാത്തതിനാൽ സന്ദർശനം സ്ഥാപിത മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്തെഴുതി. ഗവർണർ പക്ഷപാതപരമായാണ് പെരുമാറിയതെന്നും സന്ദർശന വേളയിൽ ബിജെപി പ്രവർത്തകരെയും അവരുടെ കുടുംബാംഗളെയും മാത്രമാണ് ഗവർണർ കണ്ടതെന്നും ടിഎംസി അവകാശപ്പെട്ടു.
Also Read:എസ് ജയശങ്കറിന്‍റെ യുഎസ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; വാക്സിന്‍ സംഭരണം മുഖ്യ അജണ്ട
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മമത ബാനർജി സംസാരിക്കുകയുണ്ടായി. കൊവിഡ് വ്യാപനം തടയാൻ കഴിവില്ലാത്ത നേതാവിന്‍റെ കണ്ണുനീരിന് ജനം വില കൽപ്പിക്കില്ലെന്നും രാജ്യത്തെ മഹാഭൂരിപക്ഷം പേരും 2024ൽ സംഭവിക്കാനിരിക്കുന്ന ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ ദിനത്തിനായി കാത്തിരിക്കുകയാണെന്നും മമത പറഞ്ഞു. 2024ലാണ് രാജ്യത്ത് അടുത്ത പൊതു തെരഞ്ഞെടുപ്പ് നടക്കുക.