കൊൽക്കത്ത: സാഹചര്യത്തിന്‍റെ പ്രാധാന്യവും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങളും കണക്കിലെടുത്ത് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസിനെ ഗൗരവകരമായ രോഗമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ഇതിൻപ്രകാരം ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചാൽ ഡോക്ടർമാർ അധികാരികളെ വിവരമറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ബ്ലാക്ക് ഫംഗസ് കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ രോഗിയുടെ വ്യക്തിഗത വിവരങ്ങൾ, രോഗത്തിന്‍റെ മുൻകാല വിവരങ്ങൾ, പരിശോധന സംബന്ധിച്ച വിവരങ്ങൾ, മരണമടഞ്ഞാൽ അത് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ക്രമവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് രണ്ട് ബ്ലാക്ക് ഫംഗസ് മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10 പേർ നിലവിൽ രോഗത്തിന് ചികിത്സയിലുണ്ട്.