കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ 45 മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കൂച്ച് ബിഹാർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ്ര സേനയുടെ 853 കമ്പനികളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. 319 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 281 പേര്‍ പുരുഷന്മാരും 38 പേര്‍ സ്ത്രീകളുമാണ്. സിലിഗുരി മേയറും ഇടതുമുന്നണി നേതാവുമായ അശോക് ഭട്ടാചാര്യ, സംസ്ഥാന മന്ത്രിമാരായ ഗൗതം ദേബ്, ബ്രാത്യ ബസു, ബിജെപിയുടെ സമിക് ഭട്ടാചാര്യ തുടങ്ങിയവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
57,23,766 പുരുഷന്മാർ, 56,11,354 സ്ത്രീകൾ, 224 ട്രാന്‍സ് ജന്‍ഡേഴ്സ് എന്നിവരുൾപ്പെടെ 1,13,35,344 വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 29 ദേശീയ, പ്രാദേശിക പാർട്ടികളിൽ നിന്നുള്ള 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പു വരുത്തുന്നതിനായി ആറ് ജില്ലകളിലായി 15,789 പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.