കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. സിപിഎം മാതൃകയില്‍ സംസ്ഥാനത്തുടനീളം മുഴുവന്‍ സമയ പ്രവര്‍ത്തകരെ (വിസ്‌താരക്) റിക്രൂട്ട് ചെയ്യും. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിര്‍ണായക തീരുമാനം.
മുഴുവന്‍ സമയ പ്രവര്‍ത്തകര്‍
സംസ്ഥാനത്തെ 78,000 ബൂത്തുകളിലേയ്ക്കാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിയ്ക്കുന്നത്. ഇവര്‍ക്ക് പ്രതിമാസം 6,000 രൂപ ധനസഹായം നല്‍കും. താഴെക്കിടയില്‍ പാര്‍ട്ടിയുടെ പിന്തുണ വര്‍ധിപ്പിയ്ക്കുകയാണ് ലക്ഷ്യം.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാന്‍ സാധിച്ചിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചത് മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടാണെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
ബിജെപി സംഘടന ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിച്ച് നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രതാപ് ബന്ധോപാധ്യായ് ഇടിവി ഭാരതിനോട് പറഞ്ഞു.
ലക്ഷ്യം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ്
2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംഘടനയ്ക്ക് പോരായ്‌മകള്‍ ഉണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നുമാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ സംഘടന ശൃംഖല നവീകരിയ്ക്കാനുള്ള നീക്കം.