വിജയനഗര്‍/കര്‍ണാടക : ബെല്‍ജിയം യുവതിക്ക് ഹംപിയിലെ വിരൂപാക്ഷേശ്വരന്‍റെ സന്നിധിയില്‍ മാംഗല്യം. ബെല്‍ജിയം സ്വദേശിനിയായ കെമിലാണ് കര്‍ണാടകയുടെ മരുമകളായത്. ഇതോടെ വിജയനഗര്‍ സ്വദേശി അനന്തരാജുവുമായുള്ള നാല് വര്‍ഷത്തെ പ്രണയമാണ് സഫലമായത്.
വെള്ളിയാഴ്‌ച രാവിലെ 9.25നുള്ള മുഹൂര്‍ത്തത്തിലായിരുന്നു ഇന്ത്യന്‍ ആചാര പ്രകാരമുള്ള ഇരുവരുടെയും വിവാഹം . വിജയനഗറിലെ, നിര്യാതനായ അഞ്ജിനപ്പയുടെയും രേണുകാമ്മയുടെയും മകനാണ് അനന്തരാജു. ബെല്‍ജിയം സ്വദേശിയായ ജീപ്പ് ഫിലിപ്പിന്‍റെ മൂന്നാമത്തെ മകളാണ് കെമില്‍.
ഹംപിയില്‍ ഓട്ടോ ഡ്രൈവറായും ടൂറിസ്‌റ്റ് ഗൈഡായും ജോലി ചെയ്യുകയാണ് അനന്തരാജു. ബെല്‍ജിയത്തില്‍ സാമൂഹിക പ്രവര്‍ത്തകയായ കെമിലും കുടുംബവും 4 വര്‍ഷം മുമ്പ് ഹംപി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അനന്തരാജുവിനെ കണ്ടുമുട്ടിയത്. കെമിലിന്‍റെ കുടുംബത്തിന് ഗൈഡായി നിരവധി സഹായം ചെയ്‌തിരുന്നു അനന്തരാജു.
കര്‍ണാടക ഹംപിയില്‍ നിന്നുള്ള വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ സത്യസന്ധതയോടെ തങ്ങള്‍ക്ക് വേണ്ടി സഹായം ചെയ്‌ത അനന്തരാജുവിനെ കെമിലിന്‍റെ കുടുംബത്തിന് വളരെയധികം ഇഷ്‌ടമായി. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. ഇരുവരുടെയും വിവാഹം നേരത്തെ നടക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് കാരണം നീട്ടി വയ്‌ക്കുകയായിരുന്നു.
മകളുടെ വിവാഹം ബെല്‍ജിയത്തില്‍ ആഡംബരമായി നടത്തണമെന്നായിരുന്നു കെമിലിന്‍റെ മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ ഹിന്ദു ആചാരപ്രകാരം വിവാഹം ഹംപിയിൽ തന്നെ നടത്തണമെന്ന് അനന്തരാജുവും കുടുംബവും അറിയിച്ചതോടെയാണ് കല്യാണം ഇവിടെ നടത്താന്‍ ഇരുകൂട്ടരും തീരുമാനിച്ചത്.