ബെലഗാവി(കർണാടക): കർണാടക- മഹാരാഷ്‌ട്ര അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലേക്കുള്ള ബസ് സർവീസ് നിർത്തിവച്ച് കർണാടക. മഹാരാഷ്‌ട്ര അതിർത്തിയിലേക്ക് പോകുന്ന ബസുകൾ ആക്രമിക്കപ്പെട്ടേക്കുമെന്ന കർണാടക പൊലീസിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതെന്ന് നോർത്ത് വെസ്‌റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബെലഗാവി ഡിവിഷണൽ ട്രാഫിക് ഓഫീസർ കെകെ ലമാനി പറഞ്ഞു. ബസുകൾ കർണാടക അതിർത്തി വരെ മാത്രമേ സർവീസ് നടത്തുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ ചിക്കോടി-ബെലഗാവി സെക്ഷനിൽ നിന്ന് പുറപ്പെടേണ്ട 460 ലധികം ബസുകൾ താൽക്കാലികമായി നിർത്തിവച്ചു. യാത്രക്കാരുടെയും വാഹനങ്ങളുടെയും സുരക്ഷ സംബന്ധിച്ച് പൊലീസിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം സർവീസുകൾ പുനഃരാരംഭിക്കും. അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെ കര്‍ണാടകയിലെ ബെലഗാവിയില്‍ മഹാരാഷ്‌ട്ര വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായിരുന്നു.
മഹാരാഷ്‌ട്ര രജിസ്‌ട്രേഷനുള്ള ലോറികളുടെ നമ്പര്‍ പ്ലേറ്റില്‍ കറുത്ത മഷി ഒഴിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കര്‍ണാടക രക്ഷണ വേദികെയുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതേസമയം മഹാരാഷ്‌ട്ര പൊലീസിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്‌ട്ര സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (എംഎസ്ആർടിസി) കർണാടകയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചിരുന്നു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും അതിര്‍ത്തി തര്‍ക്ക വിഷയം ഫോണിലൂടെ സംസാരിച്ചു. 'മഹാരാഷ്‌ട്ര മുഖ്യമന്ത്രി ശ്രീ ഏക്‌നാഥ് ഷിന്‍ഡെ എന്നോട് ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരു സംസ്ഥാനങ്ങളിലും ക്രമസമാധാനം നിലനില്‍ക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരേ നിലപാടാണ്' ബൊമ്മെെ ട്വീറ്റ് ചെയ്‌തു.
അതിർത്തി തർക്കത്തിന് പിന്നിൽ:മഹാരാഷ്‌ട്ര സംസ്ഥാനം സ്ഥാപിതമായത് മുതൽ അയൽ സംസ്ഥാനങ്ങളായ കർണാടകയും മഹാരാഷ്‌ട്രയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് ബെലഗാവി അതിർത്തി തർക്കം. 1956ലെ സംസ്ഥാന പുനഃസംഘടന നിയമം (State Reorganization Act, 1956) നടപ്പാക്കിയത് മുതലുള്ളതാണ് കര്‍ണാടകയും മഹാരാഷ്‌ട്രയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം. കര്‍ണാടകയുമായുള്ള അതിര്‍ത്തി പുനഃക്രമീകരിക്കണമെന്ന് അന്നത്തെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് ഒരു നാലംഗ സമിതി രൂപീകരിച്ചു.
പ്രധാനമായും കന്നഡ സംസാരിക്കുന്ന 260 ഗ്രാമങ്ങള്‍ കര്‍ണാടകക്ക് കൈമാറാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സന്നദ്ധമായിരുന്നെന്നും എന്നാല്‍ കര്‍ണാടക ഈ നിര്‍ദേശം നിരസിക്കുകയായിരുന്നു. 1960ലെ പുനഃസംഘടനയില്‍ മറാത്തി ഭൂരിപക്ഷ മേഖലയായ ബെലഗാവി കര്‍ണാടകയ്ക്ക് നല്‍കിയത് പുനഃപരിശോധിക്കണമെന്നാണ് ഇപ്പോള്‍ മഹാരാഷ്ട്രയുടെ ആവശ്യം. നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. കര്‍ണാടക, മഹാരാഷ്‌ട്ര സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.