ബെംഗളൂരു:കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി വന്ന സംഘം കര്‍ണാടകയില്‍ പിടിയില്‍. കുട്ടികള്‍ ഉള്‍പ്പെടെ 31 പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ട്രാഫിക്ക് സിഗ്നല്‍, മത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയവരാണ് പിടിയിലായത്.
കസ്റ്റഡിയിലെടുത്തവരില്‍ 21 പേര്‍ കുട്ടികളും ബാക്കിയുള്ള പത്ത് പേര്‍ സ്‌ത്രീകളുമാണ്. നവംബർ 9ന് എസിപി റീന സുവര്‍ണയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവർ.
മനുഷ്യക്കടത്തും ഭിക്ഷാടനവും: കസ്റ്റഡിയിലെടുത്ത സ്‌ത്രീകളെ ചോദ്യം ചെയ്‌തതില്‍ നിന്ന് ഇവര്‍ കുട്ടികളുടെ അമ്മമാരല്ലെന്ന് വ്യക്തമായി. മനുഷ്യക്കടത്ത് വഴിയാണ് കുട്ടികളെ ഭിക്ഷാടനത്തിന് എത്തിച്ചിരുന്നത്. കുട്ടികള്‍ ഭിക്ഷാടനത്തിനിടെ കരയാതിരിക്കാന്‍ മദ്യം നല്‍കി അവരെ ഉറക്കിക്കിടത്തും.
കസ്റ്റഡിയിലെടുത്ത സ്‌ത്രീകളും കുട്ടികളും നിലവില്‍ വനിത ശിശു ക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ കഴിയുകയാണ്. കോടതിയുടെ അനുമതി ലഭിച്ച ശേഷം സ്‌ത്രീകളുടെയും കുട്ടികളുടെയും ഡിഎന്‍എ പരിശോധന നടത്തും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസ് രജിസ്‌റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കര്‍ണാടകയില്‍ ഭിക്ഷാടന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിയമം പാസാക്കിയിട്ടില്ല. സംസ്ഥാനത്തെ ഭിക്ഷാടന സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ട 1,220 കുട്ടികളെയാണ് ഇതുവരെ പൊലീസ് രക്ഷിച്ചത്. ബെംഗളൂരു നഗരത്തില്‍ മാത്രം ആറായിരം ഭിക്ഷകരുണ്ടെന്നാണ് വിവരം.
ബിഹാർ, പശ്ചിമ ബംഗാള്‍, അസം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിലുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ ഏജന്‍റുമാർ സമീപിച്ച് ജോലി നല്‍കാമെന്ന വാഗ്‌ദാനം നല്‍കി ബെംഗളൂരു നഗരത്തിലെത്തിക്കും. തുടർന്ന് മാസം തോറം ഒരു തുക നല്‍കി കുട്ടികളെ ഇവര്‍ ഭിക്ഷാടന സംഘത്തിലെ സ്‌ത്രീകള്‍ക്ക് കൈമാറും. ഇതിന്‍റെ കമ്മിഷന്‍ വാങ്ങി ഏജന്‍റുമാർ രക്ഷപ്പെടുകയാണ് ചെയ്യാറുള്ളതെന്നും പൊലീസ് വ്യക്തമാക്കി.