കാണ്‍പൂര്‍ :ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട് 25 വര്‍ഷത്തോളമായി കിടപ്പിലായിരുന്ന സ്‌ത്രീ ആത്മഹത്യ ചെയ്‌ത നിലയില്‍ (Bedridden Woman Commits Suicide). മാനസിക വെല്ലുവിളി നേരിടുന്ന സ്വന്തം മകന്‍റെ മുന്നില്‍ വച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. അപകടത്തിന്‍റെ വ്യാപ്‌തി മനസിലാകാത്തതിനാലും ശരിയായി സംസാരിക്കാൻ കഴിയാത്തതിനാലും കുട്ടി ഈ വിവരം ആരെയും അറിയിച്ചിരുന്നില്ല.
സംഭവം ഇങ്ങനെ :കാൺപൂർ നഗരത്തിലെ പങ്കി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ (Panki Police Station Area of Kanpur City) തിങ്കളാഴ്ച (09.10.2023) രാത്രി വൈകിയാണ് സംഭവം. ലക്ഷ്‌മി, അപകടത്തെ തുടര്‍ന്ന് ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ട് ഏതാണ്ട് 25 വര്‍ഷത്തോളമായി കിടപ്പിലായിരുന്നു. മാത്രമല്ല ഇവര്‍ക്ക് കാഴ്‌ചയ്‌ക്കും പരിമിതികളുണ്ടായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ മാത്രമായിരുന്നു സംഭവ സമയത്ത് ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. മാത്രമല്ല ഈ കുട്ടിക്ക് മുന്നില്‍വച്ചാണ് ലക്ഷ്‌മി ആത്മഹത്യ ചെയ്യുന്നതും.
എന്നാല്‍ സംസാരിക്കാനും ബുദ്ധിമുട്ട് നേരിടുന്ന കുട്ടി ആരോടും അപകട വിവരം പറഞ്ഞിരുന്നില്ല. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും, ലക്ഷ്‌മിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഇവരെ ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിച്ച് അയല്‍വാസികള്‍ : യുവതിയുടെ ഭര്‍ത്താവ് ദിവസവേതന തൊഴിലാളിയാണ്. അയാള്‍ കുടുംബവുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. മാത്രമല്ല സ്‌ത്രീ കുറച്ചുനാളുകളായി ബുദ്ധിമുട്ടിലായിരുന്നതായാണ് അറിവെന്നും അയല്‍വാസികള്‍ അറിയിച്ചു. അതാവും ആത്മഹത്യക്ക് അവരെ പ്രേരിപ്പിച്ചതെന്നും, സംഭവസമയത്ത് ആ കുട്ടിയല്ലാതെ മറ്റാരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ അവരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821