ന്യൂഡല്‍ഹി: ബിബിസിയുടെ (ബ്രിട്ടീഷ് ബ്രോഡ്‌കാസ്‌റ്റിങ് കോർപ്പറേഷൻ) ഇന്ത്യയിലെ ഓഫീസുകളില്‍ ഇൻകം ടാക്‌സ് വകുപ്പിന്‍റെ റെയ്‌ഡ്. ഇന്ന് രാവിലെ 11.30ഓടെയാണ് ന്യൂഡല്‍ഹി, മുംബൈ ഓഫീസുകളില്‍ റെയ്‌ഡ് തുടങ്ങിയത്. പരിശോധിക്കുന്നത് നികുതി ക്രമക്കേടുകളെന്ന് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം.
ബിബിസി ഓഫീസുകളില്‍ ഇൻകംടാക്‌സ് റെയ്‌ഡ്, വിമർശനവുമായി കോൺഗ്രസ് - ഐടി റെയ്‌ഡ്
ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുകി വകുപ്പിന്‍റെ റെയ്‌ഡ്
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി ' ഇന്ത്യ:ദ മോദി ക്വസ്റ്റ്യൻ ' പുറത്തുവന്ന് ആഴ്‌ചകൾക്കുള്ളിലാണ് ആദായനികുതി വകുപ്പിന്‍റെ പരിശോധന. ഡോക്യുമെന്‍ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ഡോക്യുമെന്‍ററി വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍ ഇത് വെറും ഓഫീസ് പരിശോധന മാത്രമാണെന്നും കമ്പനിയുടെ പ്രമോട്ടർമാരുടേയോ ഡയറക്‌ടർമാരുടേയോ വസതികളിലും മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തില്ലെന്നുമാണ് ആദായ നികുതി ഉദ്യോഗസ്ഥർ പറയുന്നത്.
അതിനിടെ ആദായനികുതി വകുപ്പ് പരിശോധനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. കേന്ദ്രം പക പോക്കുന്നുവെന്നും 'വിനാശ കാലേ വിപരീത ബുദ്ധി' എന്നുമാണ് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ബിബിസി ഓഫീസുകളിലെ ഇൻകംടാക്‌സ് പരിശോധനയെ വിമർശിച്ചത്. ഞങ്ങൾ അദാനി വിഷയത്തില്‍ സംയുക്ത പാർലമെന്‍ററി സമിതി വേണമെന്ന ആവശ്യപ്പെടുമ്പോൾ അവർ ബിബിസിക്ക് പിന്നാലെയാണെന്നും ജയ്‌റാം രമേശ് വിമർശിച്ചു.