ന്യൂഡൽഹി: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയിൽ ജീവനക്കാരുടെ മൊബൈലും, കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഡൽഹിയിലെ കെജി മാർഗിൽ സ്ഥിതി ചെയ്യുന്ന ഓഫിസിലും, മുംബൈയിലെ കലിന സാന്താക്രൂസിലെയും ഓഫിസിലും ഇന്ന് രാവിലെ 11.30 ഓടെയാണ് റെയ്‌ഡ് ആരംഭിച്ചത്.
റെയ്‌ഡിന് പിന്നാലെ ഓഫിസിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഓഫിസുകളിലെ ധനകാര്യ വിഭാഗത്തിൽ ചില അക്കൗണ്ട് രേഖകളുടെ പരിശോധന ഉദ്യോഗസ്ഥർ നടത്തുന്നുണ്ടെന്നാണ് വിവരം. കൂടാതെ അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ ഡാറ്റയും സംഘം എടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത ഫോണുകളിൽ നിന്നും കമ്പ്യൂട്ടറുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം അവ ഉടമകൾക്ക് തിരികെ നൽകുമെന്ന് ഇവർ അറിയിച്ചതായാണ് വിവരം. എന്നാൽ ഇത് റെയ്‌ഡല്ലെന്നും വെറും പരിശോധന മാത്രമാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. നികുതി ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന എന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം.