ഹൈദരാബാദ്:ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്‍ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ഒന്നാം ഭാഗം ഹെദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. സ്റ്റുഡന്‍റ് ഇസ്‌ലാമിക് ഓർഗനൈസേഷനും (എസ്‌ഐഒ) ഫ്രറ്റേണിറ്റി ഗ്രൂപ്പ് എന്നറിയപ്പെടുന്ന മുസ്ലീം സ്റ്റുഡന്‍റ് ഫെഡറേഷനും ചേര്‍ന്നാണ് ക്യാമ്പസിനുള്ളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ സംഘാടകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനയായ എബിവിപി രംഗത്ത് വന്നു.
കാമ്പസില്‍ അനുമതി ഇല്ലാതെയാണ് ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം സംഘടിപ്പിച്ചതെന്നാണ് എബിവിപിയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയെന്ന് എബിവിപി വിദ്യാര്‍ഥി നേതാവ് മഹേഷ് വ്യക്തമാക്കി. അതേസമയം വിഷയത്തെ കുറിച്ച് വിവരം ലഭിച്ചെന്നും എന്നാല്‍, രേഖാമൂലമുള്ള പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് കാമ്പസില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനത്തില്‍ സ്റ്റുഡന്‍റ് ഇസ്‌ലാമിക് ഓർഗനൈസേഷന്‍, ഫ്രറ്റേണിറ്റി ഗ്രൂപ്പ് എന്നിവയിലെ പ്രവര്‍ത്തകരായ അന്‍പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നതായാണ് വിവരം.
ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി (ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍) സംപ്രേക്ഷണം ചെയ്‌ത ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍ എന്ന ഡോക്യുമെന്‍ററി രാജ്യത്തിനകത്തും പുറത്തും വ്യാപകമായ ചര്‍ച്ചയ്‌ക്കാണ് വഴിയൊരുക്കിയത്. 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തെ ആസ്‌പദമാക്കിയാണ് ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നാണ് ഡോക്യുമെന്‍ററിയില്‍ പറയുന്നത്.
രണ്ട് ഭാഗങ്ങളിലായി ഒരുക്കിയ ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം മാത്രമാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ബിബിസി ഡോക്യുമെന്‍ററി വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടി മനപ്പൂര്‍വ്വം സൃഷ്‌ടിച്ച കഥകള്‍ മാത്രമാണ് ബിബിസിയുടെ ഡോക്യുമെന്‍ററി എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇതിന് പിന്നാലെ യൂട്യൂബില്‍ നിന്നുള്‍പ്പടെ ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഇത് സംബന്ധിച്ചുള്ള ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഐടി ആക്‌ട് പ്രകാരമുള്ള അടിയന്തര അധികാരം ഉപയോഗിച്ചായിരുന്നു കേന്ദ്രത്തിന്‍റെ നടപടി. പിന്നാലെ ഡോക്യുമെന്‍ററിയുടെ വീഡിയോയും ട്വീറ്റുകളും ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമായി. ജനുവരി 17ന് സംപ്രേഷണം ചെയ്‌ത ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്നാണ് ബിബിസി പുറത്തുവിടുന്നത്.
ന്യായീകരിച്ച് ബിബിസി:വ്യത്യസ്‌തമായ നിലപാടുള്ളവരെ സമീപിച്ചാണ് 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്‍ററി തയ്യാറാക്കിയിരിക്കുന്നത് എന്ന് ബിബിസി വ്യക്തമാക്കി. കലാപത്തിന്‍റെ ദൃക്‌സാക്ഷികള്‍, ബിജെപി അംഗങ്ങള്‍ എന്നിവരുടെ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്യുമെന്‍ററിയില്‍ ഉന്നയിക്കപ്പെടുന്ന കാര്യങ്ങളെ കുറിച്ച് പ്രതികരണം നടത്താന്‍ ഇന്ത്യന്‍ ഭരണകൂടത്തെ സമീപിച്ചിരുന്നെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.
ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷവും മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വിലയിരുത്തുകയും ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയം എങ്ങനെയാണ് എന്ന് പരിശോധിക്കുകയുമാണ് ഡോക്യുമെന്‍ററി ചെയ്യുന്നതെന്ന് ബിബിസി വ്യക്തമാക്കി.