അമരാവതി: രാജ്യസേവനത്തിനായി ജീവിതം മാറ്റിവച്ച സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമായി ഒരു ഗ്രാമം. ബവജിപാലം എന്നാണ് ഈ ഗ്രാമത്തിന്‍റെ പേര്. ഗുണ്ടൂര്‍ ജില്ലയിലെ നിസാം പട്ടണം മണ്ഡലിലാണ് പ്രശസ്‌തമായ ബവജിപാലം എന്ന ഗ്രാമം. ആന്ധ്രാപ്രദേശിലെ ഈ ഉള്‍ഗ്രാമത്തില്‍ 300 കുടുംബങ്ങളാണുള്ളത്. രണ്ടായിരത്തോളം ജനങ്ങളുള്ള ഈ പ്രദേശത്തെ ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും രാജ്യസേവനത്തിന്‍റെ ഭാഗമായി സൈന്യത്തില്‍ സേവനം അനുഷ്‌ഠിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്‍റെ രേഖകളിൽ പോലും ബവജിപാലത്തെ കുറിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്. 1965ലെ ഇന്ത്യ-ചൈന യുദ്ധത്തിലും 1975ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലും ഇവിടെയുള്ള സൈനികർ പങ്കെടുത്തിരുന്നു.
ബവജിപാലം.... രാജ്യം കാക്കുന്ന സൈനികരുടെ ഗ്രാമം അപകടങ്ങളും രക്തസാക്ഷിത്വങ്ങളും മുന്നിലുണ്ടെങ്കിലും സൈന്യത്തില്‍ ചേരാന്‍ താല്‍പര്യമുള്ളവരാണ് ഈ ഗ്രാമത്തിലെ യുവാക്കളെല്ലാം. മുന്‍ ഗ്രാമമുഖ്യനായ നാസിര്‍ അഹമ്മദും സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ്. ഇവിടുത്തെ ഓരോ അമ്മമാരും തന്‍റെ മക്കളെ സൈന്യത്തിലയക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. തങ്ങളുടെ മക്കള്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ആകണമെന്നല്ല ഇവിടുത്തെ ആളുകള്‍ ആഗ്രഹിക്കുന്നത്. ഇവിടുത്തെ യുവതികളും സൈനികരെ വിവാഹം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് നാസിര്‍ അഹമ്മദ് പറയുന്നു.
മറ്റ് ജോലികള്‍ക്കും പണത്തിനും പിന്നാലെ പായുന്ന ഇന്നത്തെ സമൂഹത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈ ഗ്രാമം. മാതാപിതാക്കളുടെ പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്. ബവജിപാലം എന്ന ഈ ഗ്രാമത്തിലുള്ളവർ തലമുറകളായി രാഷ്‌ട്രത്തെ സേവിക്കുന്നവരാണ്. ബവജിപാലത്തെ ഓരോ വീടുകളിലും ഒരാളെങ്കിലും സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നവരായി ഉണ്ടാകുമെന്ന് സൈനികനായ യൂസഫ് ഖാന്‍ പറയുന്നു. ബവജിപാലത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് തൊട്ടടുത്ത ഗ്രാമങ്ങളിലെ നിരവധി യുവാക്കളും സൈന്യത്തില്‍ ചേരുന്നുണ്ട്. സൈനിക പ്രവേശന പരീക്ഷക്കുള്ള പരിശീലനത്തിനായി മറ്റ് സ്ഥലങ്ങളിൽ നിന്ന് നിരവധി പേരാണ് ഇവിടെയുള്ള വിമുക്ത ഭടന്മാരെ തേടിയെത്തുന്നത്.
മുസ്ലീം ഭൂരിപക്ഷമുള്ള ഗ്രാമമാണ് ബവാജിപാലം. ഇവിടെ നിന്നും സൈന്യത്തില്‍ സേവനമനുഷ്‌ഠിച്ച് രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ മാതാപിതാക്കളില്‍ ദേശസ്‌നേഹത്തിന്‍റെ ആവേശം നമുക്ക് കാണാന്‍ സാധിക്കും. സന്തോഷത്തോടെയാണ് ഇവിടെയുള്ള കുടുംബങ്ങൾ തങ്ങളുടെ യുവ തലമുറയെ സൈന്യത്തിലേക്ക് അയക്കുന്നത്. പത്താം ക്ലാസോ ഇന്‍റർമീഡിയേറ്റോ ജയിച്ചു കഴിഞ്ഞാൽ ഉടന്‍ തന്നെ ബവജിപാലത്തെ യുവാക്കള്‍ സൈനിക പരീക്ഷയ്‌ക്ക് വേണ്ടി തയ്യാറെടുക്കാന്‍ ആരംഭിക്കും. മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളോട് ഇവർക്ക് വലിയ താത്‌പര്യമില്ല. പണത്തിനോ പ്രശസ്‌തിക്കോ പിന്നാലെ പോകാതെ രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി ജീവിതം സമർപ്പിക്കുന്ന ഈ യുവാക്കള്‍ക്ക് സല്യൂട്ട്...