മുംബൈ:ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) ലിമിറ്റഡ് ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ അവഗണിച്ചതുകൊണ്ടാണ് 600 തൊഴിലാളികളുടെ ജീവൻ അപകടത്തിലായതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ടൗട്ടെ ചുഴലിക്കാറ്റിന്‍റെ ഭാഗമായി മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയുള്ള അറേബ്യൻ കടലിൽ മുങ്ങിയ ബാർജ് പി 305ൽ നിന്ന് 188 തൊഴിലാളികളെ നാവികസേന ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഒഎൻജിസിക്ക് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുകൾ ലഭിച്ചിട്ടും തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയില്ലെന്ന് നവാബ് മാലിക് കുറ്റപ്പെടുത്തി. 49 ലധികം പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. നൂറുകണക്കിന് തൊഴിലാളികൾ അത്യാസന്ന നിലയിലാണ്. തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കിയതിന് ഒഎൻജിസിയും പെട്രോളിയം മന്ത്രാലയവും ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു.
Also read: ബാർജ് മുങ്ങിയുണ്ടായ അപകടം; തെരച്ചിൽ നാലാം ദിവസവും തുടരുന്നു
അതേസമയം അറബി കടലിൽ മുങ്ങിയ ബാർജിൽ നിന്ന് കാണാതായവർക്കായി നാവികസേന നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്. 49 പേരെയാണ് കാണാതായിരിക്കുന്നത്. വ്യാഴാഴ്‌ച രാവിലെ തന്നെ ഹെലികോപ്‌ടറുകൾ വിന്യസിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
ബാർജ് പി 305ൽ ഉണ്ടായിരുന്ന 261 പേരിൽ 186 പേരെയും വരപ്രദ എന്ന ബോട്ടിൽ ഉണ്ടായിരുന്ന രണ്ടു പേരെയും രക്ഷപ്പെടുത്തിയതായി നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ കാണാതായവരെ രക്ഷപ്പെടുത്താനുള്ള പ്രതീക്ഷ നഷ്‌ടപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ബിയാസ്, ഐഎൻഎസ് ബെത്വ, ഐഎൻഎസ് ടെഗ്, പി 8 ഐ സമുദ്ര നിരീക്ഷണ വിമാനം, ചേതക്, എഎൽഎച്ച്, സീക്കിംഗ് ഹെലികോപ്റ്ററുകൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ടെന്ന് നാവിക സേന വക്താവ് വ്യക്തമാക്കി.
Also read: മുംബൈയിൽ അപകടത്തിൽപ്പെട്ട ബാർജിൽ നിന്ന് 186 പേരെ രക്ഷപ്പെടുത്തി