മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് അപകടത്തില്‍പ്പെട്ട ബാര്‍ജ് പി-305ന്‍റെ ഡയറക്‌ടറുടേയും രണ്ട് ഉദ്യോഗസ്ഥരുടേയും ജാമ്യപേക്ഷ കോടതി തള്ളി. പാപ്പാ ഷിപ്പിങ് കമ്പനിയുടെ ഡയറക്‌ടര്‍മാരിലൊരാളായ നിതിന്‍ സിങ്, ഓഫിസ് അഡ്‌മിനിസ്ട്രേറ്റര്‍ പ്രസാദ് റാണെ, ടെക്‌നിക്കല്‍ സൂപ്രണ്ട് അഖിലേഷ് തിവാരി എന്നിവരുടെ ജാമ്യമാണ് സെഷന്‍സ് ജഡ്‌ജ് യു.എം പദ്വാദ് തള്ളിയത്.
സംഭവത്തെ കുറിച്ചുള്ള ചീഫ് എന്‍ജിനീയറുടെ വിവരണത്തില്‍ നിന്നും അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നത് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
ബാര്‍ജ് ദുരന്തം
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 16നാണ് ബാര്‍ജ് പി-305 അപകടത്തില്‍പെട്ടത്. മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ക്യാപ്‌റ്റന്‍ രാകേഷ് ബല്ലവ് ഉള്‍പ്പെടെ 71 പേരുടെ ജീവന്‍ നഷ്‌ടമായി.
ചീഫ് എന്‍ജിനീയറുടെ പരാതി
കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും ക്യാപ്റ്റന്‍റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും ആരോപിച്ച് ബാര്‍ജിലെ ചീഫ് എന്‍ജിനീയര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ജൂണില്‍ ക്യാപ്റ്റന്‍ രാകേഷ് ബല്ലവിന്‍റെ മൃതദേഹം കണ്ടെടുത്തു. അന്വേഷണത്തിനൊടുവില്‍ നിതിന്‍ സിങ്, പ്രസാദ് റാണെ, അഖിലേഷ് തിവാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.