ബന്‍സ്വാര (രാജസ്ഥാന്‍): ക്യാമ്പിലെ വ്യായാമത്തിനിടെ സൈനികന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഖണ്ഡു കോളനി നിവാസിയായ സോണല്‍ സുബേദാര്‍ ശൈലേഷ് പഞ്ചലാണ് ഡെറാഡൂണിലെ ക്യാമ്പില്‍ വ്യായാമത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അതേസമയം 2002 ല്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായാണ് ശൈലേഷ് കരസേനയിലെത്തുന്നത്.
കരസേനയില്‍ നിന്ന് വിരമിച്ച ശൈലേഷിന്‍റെ പിതാവ് ലക്ഷ്‌മി പഞ്ചലും ഇളയമകന്‍ മനീഷ് പഞ്ചലും ഇന്ന് പകല്‍ എട്ടുമണിയോടെ ആരോഗ്യ പരിശോധനകള്‍ക്കായി ഉദയ്‌പൂരിലേക്ക് പോയിരുന്നു. ഈ സമയം ശൈലേഷിന്‍റെ ഭാര്യ ഭാഗ്യശ്രീ ഇവരെ ഫോണില്‍ വിളിച്ച് ഭര്‍ത്താവിന്‍റെ മരണവാര്‍ത്ത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ മനീഷ് കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ച് മരണവിവരം സ്ഥിരീകരിക്കുകയും സ്ഥിതിഗതികള്‍ ചോദിച്ചറിയുകയും ആയിരുന്നു.
ഡെറാഡൂണിൽ നിന്ന് നാളെ രാവിലെ ആറിന് ഉദയ്‌പൂർ വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോകുമെന്നും ഇവിടെ നിന്നും ബന്‍സ്വാരയിലെ വീട്ടിലേക്കെത്തിക്കുമെന്നും സേന അറിയിച്ചു. അതേസമയം മരണപ്പെട്ട ശൈലേഷിനും ഭാര്യ ഭാഗ്യശ്രീക്കും 15 വയസ്സുള്ള ഉത്കർഷ്, മൂന്ന് വയസുള്ള കുനാല്‍ എന്നീ രണ്ട് ആണ്‍കുട്ടികളാണുള്ളത്.
പ്രമോഷന്‍ ലഭിച്ചത് രണ്ട് മാസങ്ങള്‍ക്ക് മുമ്പ്:ശൈലേഷിന് രണ്ട് മാസം മുമ്പാണ് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചതെന്നും ഇതിന് ശേഷമാണ് ഡെറാഡൂണിൽ നിയമിതമായതെന്നും സാമൂഹിക പ്രവർത്തകൻ ഹരീഷ് പഞ്ചൽ പറഞ്ഞു. ഇതിന് മുമ്പ് ശൈലേഷ് പഞ്ചാബിലെ ബതിന്‍ഡയിലായിരുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും നിലവില്‍ ബതിന്‍ഡയിലാണുള്ളത്. നാളെ ജന്മനാട്ടിലെത്തുന്ന ശൈലേഷിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്രയ്‌ക്ക് ബൻസ്വാര നഗരത്തിലെ സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും ജില്ല ഭരണകൂടവും ഒരുക്കങ്ങള്‍ നടത്തിവരികയാണ്.