ബെംഗളൂരു: വ്യത്യസ്‌ത ജാതിയിൽ നിന്നും വിവാഹം കഴിച്ചതിന്‍റെ പേരിൽ ജന്മനാട്ടിൽ നിന്നും സമുദായഭ്രഷ്‌ട് കൽപിച്ച ദമ്പതികളെ തിരികെ സ്വീകരിച്ച് നാട്ടുകാർ (Banned Inter-caste Couple from Chitradurga). മിശ്രജാതി ദമ്പതികളായ സാവിത്രമ്മ, മണികണ്‌ഠ എന്നിവർക്കാണ് വിലക്കേർപെടുത്തിയിരുന്നത്. മൂന്ന് വർഷം മുമ്പാണ് കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ദേവരഹള്ളി സ്വദേശിനിയായ സാവിത്രമ്മ ആന്ധ്രപ്രദേശുകാരനായ മണികണ്‌ഠയെ വിവാഹം ചെയ്‌തത്.
സ്‌ത്രീ-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സാമുദായിക നേതാക്കൻമാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ദമ്പതികൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഊരുവിലക്ക് പിൻവലിച്ചത്. ബോധവത്കരണ യോഗത്തിന് ശേഷം ദമ്പതികളും ഇവരുടെ കുട്ടിയും നാട്ടിലേക്ക് തിരികെപോയി. യോഗത്തിനായി ഒത്തുകൂടിയ നാട്ടുകാർ ഈ സാമൂഹിക പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ സഹായസഹകരണങ്ങൾ നൽകുമെന്ന ഉറപ്പിനെത്തുടർന്നാണ് ദമ്പതികളുടെ നാട്ടിലേക്കുള്ള മടക്കം സാധ്യമായത്. ഗ്രാമവാസികൾ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പിന്തുണ നൽകുകയും കേസ് സന്തോഷകരമായി അവസാനിപ്പിക്കാൻ സഹായിക്കുകയും ചെയ്‌തു (A happy ending for the inter-cast couple from Chitradurga).
സംസാരശേഷിയില്ലാത്ത സാവിത്രമ്മയും ആന്ധ്ര സ്വദേശിയായ മണികണ്ഠയും പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാൽ വിവാഹശേഷം യുവതിയുടെ സ്വദേശമായ ദേവരഹള്ളിയിലെത്തിയ ദമ്പതികൾക്ക് സാമുദായിക നേതാക്കൻമാർ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും വിലക്കേർപ്പെടുത്തി.