ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി മാര്‍ച്ച് 15, 16 തീയതികളില്‍ ബാങ്ക് ജീവക്കാര്‍ പണിമുടക്കുന്നു . ബാങ്ക് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും ഒന്‍പത് സംഘടനകള്‍ ചേര്‍ന്ന യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. രണ്ട് ദിവസത്തെ പണിമുടക്കാണെങ്കിലും രണ്ടാം ശനിയും ഞായറും അവധിയായിരുന്നതിനാല്‍ ഫലത്തില്‍ നാല് ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങുന്നത്. ഇതോടെ രാജ്യത്തെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും.
സ്വകാര്യവല്‍ക്കരണം; ഇന്നും നാളെയും ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്
നാല് ദിവസം ബാങ്കിങ് പ്രവര്‍ത്തനം മുടങ്ങും. പത്ത് ലക്ഷം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
പണം ഇടപാടുകള്‍, വായ്‌പ അനുമതി തുടങ്ങിയ ബാങ്കിങ് പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങി. അതേസമയം ഇ-ബാങ്ക് സംവിധാനത്തിനും മൊബൈല്‍ ബാങ്കിങ്, എടിഎം സംവിധാനത്തിനും മുടക്കുണ്ടാകില്ല. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് എന്നീ ബാങ്കുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കും. ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ അടുത്ത സാമ്പത്തിക വര്‍ഷം രണ്ട് പൊതു മേഖല ബാങ്കുകളും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവല്‍ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.