ഇന്‍ഡോര്‍:വളര്‍ത്തു നായ്‌ക്കളെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ രണ്ടുപേരെ വെടിവച്ച് കൊലപ്പെടുത്തി. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇന്‍ഡോറിലെ ഖജ്‌രാന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ (ഓഗസ്റ്റ് 17) രാത്രി 11 മണിയോടെയാണ് സംഭവം.
നായ്‌ക്കളെ വളര്‍ത്തുന്നതിനെയും സവാരിക്ക് കൊണ്ടുപോകുന്നതിനെയും ചൊല്ലി രാജ്‌പാല്‍ യാദവ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അയല്‍ക്കാരുമായി വഴക്കുണ്ടാക്കുകയായിരുന്നു. നായ്‌ക്കളുടെ വിഷയത്തില്‍ രാജ്‌പാല്‍ യാദവും ഇയാളുടെ വീടിന് എതിര്‍ വശത്ത് താമസിക്കുന്നവരും തമ്മില്‍ വഴക്ക് പതിവായിരുന്നെങ്കിലും ഇന്നലെ രാത്രി അല്‍പം രൂക്ഷമായിരുന്നു.
ഇതിനിടെ രാജ്‌പാല്‍ യാദവ് വീടിനകത്തേക്ക് പോയി തന്‍റെ 12 ബോര്‍ റൈഫിള്‍ കൊണ്ടുവന്നു. പ്രകോപിതനായ ഇയള്‍ തന്‍റെ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് അയല്‍ക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്‌പ്പില്‍ വിമല്‍, രാഹുല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ രാജ്‌പാല്‍ യാദവിനെ അറസ്റ്റ് ചെയ്‌തതായി ഇന്‍ഡോര്‍ അഡിഷണല്‍ ഡിസിപി അമരേന്ദ്ര സിങ് അറിയിച്ചു. വിവരം ലഭിച്ചയുടന്‍ പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. ഇന്‍ഡോറിലെ ബാങ്ക് ഓഫ് ബറോഡയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് രാജ്‌പാല്‍ യാദവ്.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്‌പാല്‍ യാദവ് അയല്‍ക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. 'നായയെ വളര്‍ത്തുന്നതും സവാരിക്ക് കൊണ്ടുപോകുന്നതും സംബന്ധിച്ച തര്‍ക്കം അക്രമാസക്തമായിരിക്കുന്നു. ഇന്‍ഡോറില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ എട്ട് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തു. രണ്ടുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്' -രാജ്‌പാല്‍ യാദവ് വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വെടിയുതിര്‍ക്കുന്ന വീഡിയോ പങ്കിട്ട് ഒരു നെറ്റിസണ്‍ കുറിച്ചു.