ന്യൂഡൽഹി : വായ്‌പാതട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായ പ്രമുഖരായ വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18000 കോടി രൂപ ബാങ്കുകള്‍ക്ക് തിരികെ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ട് (പി.എം.എൽ.എ) സുപ്രീം കോടതിയിൽ 67,000 കോടിയുടെ കേസാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും കേസുകള്‍ വര്‍ധിക്കുന്നു
4,700 കേസുകൾ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുന്നുണ്ട്. 2015 - 16 ല്‍ അന്വേഷണത്തിനായി 111 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍ 2020-21 ൽ അത് 981 ആണ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളില്‍ നടത്തുന്ന അന്വേഷണം, വസ്‌തുക്കളും ആസ്‌തികളും കണ്ടുകെട്ടല്‍ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസുകളാണ് സുപ്രീം കോടതിയ്‌ക്ക് മുന്‍പാകെയുള്ളത്.