ഹൈദരാബാദ് : ആധുനിക കാലത്ത് പണം സ്വരൂപീകരിക്കാന്‍ നിരവധി തരം തട്ടിപ്പുകള്‍ നടക്കുന്നതായി ദിനം പ്രതി വാര്‍ത്തകളിലൂടെ കാണാറുണ്ട്. പോക്കറ്റടി മുതല്‍ സൈബര്‍ തട്ടിപ്പുകള്‍ വരെ ഇവയില്‍ ഉള്‍പ്പെടുന്നവയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി തട്ടിപ്പ് നടത്തി യുവതി അറസ്റ്റിലായ വാര്‍ത്തയാണിപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ജൂബിലി ഹില്‍സില്‍ നിന്നും 32 കാരിയായ നൈമ സുൽത്താനയാണ് അറസ്റ്റിലായത്.
വെറൈറ്റിയായി തട്ടിപ്പും അറസ്റ്റും : രാത്രി ഇരുട്ടിയാല്‍ മാന്യമായി വസ്‌ത്രവും മാസ്‌കും ധരിച്ച് റോഡരികില്‍ നില്‍ക്കും. ഒറ്റനോട്ടത്തില്‍ എവിടെ നിന്നോ ബസിലെത്തി പാതിരാത്രി വീട്ടിലേക്ക് പോകാന്‍ വാഹനങ്ങളൊന്നും കിട്ടാതെ നടുറോഡില്‍പ്പെട്ടു പോയ അവസ്ഥയിലാണെന്ന് തോന്നി പോകും. അതുകൊണ്ട് തന്നെ അല്‍പ്പം ദയയുള്ള ആര്‍ക്കും അവരെയൊന്നും സഹായിച്ചാല്‍ കൊള്ളാമെന്നും തോന്നും.
സഹതാപം തോന്നി സഹായിക്കാനെത്തുന്നവര്‍ക്കാകട്ടെ പിന്നെ കിട്ടുക എട്ടിന്‍റെ പണിയും. ഇത്തരത്തിലാണ് പരാതിക്കാരനായ യുവാവും പെട്ടുപോയത്. ചൊവ്വാഴ്‌ച (ജനുവരി 2) രാത്രിയാണ് കേസിന് ആസ്‌പദമായ സംഭവം.
ബഞ്ചാര ഹിൽസിലെ രേഷാംബാഗ് ഏരിയയിൽ താമസിക്കുന്ന കാര്‍ ഡ്രൈവറായ പരമാനന്ദയാണ് പരാതിക്കാരന്‍. രാത്രിയില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ബഞ്ചാര ഹില്‍സില്‍ നിന്നും ഒരു യുവതി കാറിന് കൈ കാണിച്ചത്. യുവതിയെ ശ്രദ്ധയില്‍പ്പെട്ട പരമാനന്ദ കാര്‍ നിര്‍ത്തി കാര്യം തെരക്കി.
ഇതോടെയാണ് തനിക്ക് ലിഫ്‌റ്റ് തരാമോയെന്ന് യുവതി ചേദിച്ചത്. പാതിരാത്രിയില്‍ വഴിയില്‍പ്പെട്ട് പോകണ്ടയെന്ന് കരുതി ലിഫ്‌റ്റ് നല്‍കി. കാറില്‍ കയറി അല്‍പ ദൂരം പിന്നിട്ടപ്പോഴാണ് യുവതി സ്ഥിരം നമ്പര്‍ ഇറക്കിയത്.
'തനിക്ക് പണം വേണം'. ആദ്യം പരമനന്ദന് കാര്യം മനസിലായില്ല. എന്നാല്‍ താന്‍ ആവശ്യപ്പെടുന്ന പണം തനിക്ക് നല്‍കണമെന്ന് യുവതി പറഞ്ഞു. ഇതോടെ പരമനന്ദ പണം നല്‍കാന്‍ വിസമ്മതം പ്രകടിപ്പിച്ചു. പണം നല്‍കിയില്ലെങ്കില്‍ തനിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ആശയക്കുഴപ്പത്തിലായ പരമാനന്ദ നേരെ കാറോടിച്ചെത്തിയത് ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനിലേക്കാണ്.
ഇങ്ങനെയാണ് പണി കൊടുത്ത് പണം തട്ടാമെന്ന് കരുതിയ യുവതിക്ക് പരമാനന്ദ വല്ലാത്തൊരു പൊല്ലാപ്പായത്. തന്‍റെ ഭീഷണിയില്‍ ഭയപ്പെട്ട് പണം നല്‍കി വിട്ടയക്കുമെന്ന് കരുതിയ യുവതിക്ക് ഇത് വന്‍ തിരിച്ചടിയായി. യുവതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതോടെ ഇന്‍സ്‌പെക്‌ടര്‍ പി സതീഷ് കാര്യം തെരക്കി.
ഇതോടെ സംഭവത്തിന്‍റെ തുടക്കം മുതല്‍ എല്ലാം പരമാനന്ദ പൊലീസിന് വിശദീകരിച്ച് നല്‍കി. കാര്യം പിടികിട്ടിയ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് ഹൈദരാബാദ്, സൈബരാബാദ് സ്റ്റേഷനുകളിലായി യുവതിക്കെതിരെ മറ്റ് 15 കേസുകളുണ്ടെന്ന കാര്യം അറിഞ്ഞത്. തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവതിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ ബാര്‍ അസോസിയേഷന് കത്ത് നല്‍കുമെന്നും ജൂബിലി ഹില്‍സ് പൊലീസ് പറഞ്ഞു.
Also Read:ഭൂമി കച്ചവടത്തിന്‍റെ മറവില്‍ വ്യാപാരിയുടെ ലക്ഷങ്ങൾ കവർന്നു; മൂന്നാറിൽ രണ്ടുപേർ പിടിയിൽ